
ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ച കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കും. അറ്റോർണി ജനറൽ കോടതി നടപടി തുടങ്ങുമ്പോൾ ഇക്കാര്യം പരാമർശിക്കും. അതേസമയം, മർകസ് പ്രതിനിധി കൂടി ഉൾപ്പെട്ട മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. നേരത്തെ, കേന്ദ്രത്തിന് പരിമിതികളുണ്ടെന്ന് കോടതിയിൽ അറിയിച്ചിരുന്നു. വധശിക്ഷ നടപ്പിലായാൽ സങ്കടകരമാണെന്നായിരുന്നു കോടതിയുടെ പരാമർശം.
കോടതി നടപടികൾ ആരംഭിച്ചാൽ നിമിഷ പ്രിയയുടെ കേസ് അറ്റോണി ജനറൽ അറിയിക്കും. കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്നും ചർച്ചകളുണ്ടായെന്നും വധശിക്ഷ നീട്ടിവെച്ചതായും കേന്ദ്രം സുപ്രീംകോടതിയിൽ അറിയിക്കും. അതിനിടെ, മധ്യസ്ഥ സംഘത്തെ ചർച്ചകൾക്കായി നിയോഗിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യപ്പെടുക. ഇതിൽ കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.
അതേസമയം, നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും തുടരുന്നതിനിടെ വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ ഡിജിപിക്ക് പരാതി ആർ.ജെ.ഡി ദേശീയ കൗൺസിൽ അംഗം സലീം മടവൂർ. കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്തും തലാലിൻ്റെ ബന്ധുക്കളെ ഇൻ്റർവ്യൂ ചെയ്തും നിമിഷ പ്രിയയുടെ മോചനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. മുബാറക്ക് റാവുത്തർ എന്ന വ്യക്തി തലാലിന്റെ ഗ്രാമവാസികളെ ഇളക്കി വിടാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനും മോചനത്തിനുമുള്ള തീവ്രശ്രമങ്ങൾക്കിടെ, ‘നിമിഷപ്രിയയ്ക്ക് മാപ്പ് കൊടുക്കരുതെന്നും സഹോദരന്‍റെ ആത്മാവ് പൊറുക്കില്ലെ'ന്നുമുള്ള മലയാളത്തിലുള്ള കമന്‍റുകള്‍ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. 'വധശിക്ഷ ലഭിക്കുന്നത് വരെ പോരാടണ’മെന്നും ചില കമന്‍റുകളില്‍ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്‍റുകളാണ് അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്. ചില മലയാളികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് തലാലിന്‍റെ സഹോദരന്‍റെ പോസ്റ്റില്‍ ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും കമന്‍റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തില്‍ നിന്നാണെന്നും നിമിഷപ്രിയക്ക് മാപ്പു നല്‍കരുതെന്നും ചിലര്‍ കമന്‍റ് ചെയ്തു. എന്നാല്‍ നിമിഷപ്രിയക്ക് മാപ്പു നല്‍കണമെന്നും അവര്‍ക്ക് ഒരു പെൺകുഞ്ഞാണ് ഉള്ളതെന്നും മറ്റ് ചിലരുടെ കമന്‍റുകളില്‍ പറയുന്നു.
അതിനിടെ, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇക്കാര്യത്തിൽ ഒരു വിവരവും ഇല്ലെന്നും വിദേശകാര്യ വക്താവ് രൺധീര് ജയ്സ്വാൾ വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ചില വിദേശരാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും നിയമസഹായവും നൽകിയിരുന്നുവെന്നും രൺധീർ ജയ്സ്വാൾ വിശദമാക്കി.