
തിരുവനന്തപുരം: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയുടെ വധശിക്ഷ നീട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയിൽ നടക്കുന്ന കുപ്രചരണങ്ങളാണ് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തെ ചൊടിപ്പിച്ചതെന്ന് സേവ് നിമിഷ പ്രിയ ഗ്ലോബൽ ആക്ഷൻ കൗൺസിൽ വൈസ് ചെയർപേഴ്സനും ഡിഎംസി ചെയർപേഴ്സനുമായ അഡ്വ. ദീപ ജോസഫ് പറഞ്ഞു.
നിമിഷ പ്രിയയുടെ വിഷയത്തിൽ ക്രെഡിറ്റ് തട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടുക്കുന്നതെന്നും തലാലിന്‍റെ കുടുംബത്തിന്‍റെ കടുത്ത നിലപാടോടെ ഇനിയെന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും നിസഹായവസ്ഥയിലാണെന്നും അഡ്വ. ദീപാ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2019 മുതൽ നിമിഷയുടെ മോചനത്തിനായി ശ്രമിക്കുന്നയൊരാളാണ് താനെന്നും എല്ലാകാര്യങ്ങളും ഹൃദയം കൊണ്ട് തൊട്ട ഒരാളാണ് താനെന്നും ഇപ്പോള്‍ ക്രെഡിറ്റ് എടുക്കാൻ വേണ്ടി നടക്കുന്ന ശ്രമങ്ങളൊക്കെ നിര്‍ത്തിവെക്കണമെന്നും അഡ്വ. ദീപാ ജോസഫ് പറഞ്ഞു. ഇപ്പോള്‍ ഇവിടെ നടക്കുന്നത് മുഴുവൻ കുപ്രചരണങ്ങളാണ്.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോള്‍ നടക്കുന്ന കുപ്രചരണങ്ങള്‍ ഒരു ജീവനെ കൊലക്ക് കൊടുക്കുകയാണെന്ന സത്യം തിരിച്ചറിയണം. തലാലിന്‍റെ കുടുംബം വന്നിട്ട് ആദ്യമായിമാധ്യമങ്ങളോട് സംസാരിച്ചാണ് മാപ്പ് കൊടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഒരു സാഹചര്യത്തിലും മാപ്പ് കൊടുക്കില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്.
കള്ളങ്ങളും അര്‍ധ സത്യങ്ങളുമെല്ലാം ചേര്‍ത്ത് തലാലിനെ മോശമാക്കാനും കുടുംബത്തെ മോശമാക്കാനും നിമിഷയുടെ ചെയ്തികളെ ന്യായീകരിക്കാനും അതല്ലെങ്കിൽ കുുടംബത്തെ അപമാനപ്പെടുത്താനുമിടയ്ക്കായ സംഭവങ്ങളാണ് അവരെ ചൊടിപ്പിച്ചതെന്നും ദീപാ ജോസഫ് പറഞ്ഞു.
ഞായറാഴ്ച രാവിലെ തന്നെ വധശിക്ഷ മരവിപ്പിച്ച കാര്യം അറിഞ്ഞതാണ്. പറയാതിരുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ആയിരകണക്കിനുപേര്‍ നിമിഷയുടെ വധശിക്ഷ കാണാൻ സനയിലേക്ക് എത്തുന്ന സമയത്ത് അത് തടയാൻ സര്‍ക്കാരിന് സമയം വേണമായിരുന്നു. അഡ്വ. സാമുവൽ ജെറോമിന്‍റെ കൈവശമാണ് നീട്ടിവെച്ചത് സംബന്ധിച്ച അറിയിപ്പിന്‍റെ ഔദ്യോഗിക രേഖ കിട്ടുന്നത്. അവിടെ നിന്ന് എംബസി ഉദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞതിന്‍റെ അടിസ്ഥാനിലാണ് വാര്‍ത്താ പുറത്തുവിട്ടത്. ആ നിമിഷം മുതൽ കാണുന്നത് പലരും ഉടുപ്പ് തയ്പ്പിച്ച് വെച്ച് മാധ്യമങ്ങള്‍ക്ക് മുന്നിൽ വന്ന് പറയുന്നതാണ് കാണുന്നത്.
ശനിയാഴ്ച രാവിലെയാണ് നിമിഷയുടെ അമ്മ പ്രേമകുമാരിയും സാമുവൽ ജെറോമും കൂടി ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നൽകുന്നത്. വൈകിട്ട് അനുകൂലമായ വിവരം ലഭിച്ചു. അതീവരഹസ്യമായി വെക്കേണ്ട കാര്യമാണെന്ന് അവിടെ നിന്ന് അറിയിച്ചതിനാലാണ് അക്കാര്യം നേരത്തെ പറയാതിരുന്നത്.
കേന്ദ്ര സര്‍ക്കാരും കാര്യമായ ഇടപെടലുകള്‍ നടത്തിയിരുന്നു. എന്നാൽ, അവര്‍ എപ്പോഴേക്കും ക്രെഡിറ്റ് എടുക്കാൻ വന്നിരുന്നില്ല. ആദ്യത്തെ ഒരു ചെറിയ കടമ്പ മാത്രമാണ് കടന്നത്. എന്നാൽ, ഇതോടെ കുപ്രചാരണങ്ങള്‍ നടത്താൻ തുടങ്ങി. ഇതോടെയാണ് പ്രകോപിതരായി തലാലിന്‍റെ കുടുംബം രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയത്.
സാമുവൽ ജെറോം വിവരം പുറത്തുവിട്ടതിന് പിന്നാലെ അവകാശവാദവുമായി പലരുമെത്തി. ചാണ്ടി ഉമ്മന്‍റെ വലിയൊരു ഇടപെടലുണ്ടായിട്ടുണ്ട്. ദിയാധനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താൻ തലാലിന്‍റെ കുടുംബവുമായി സംസാരിക്കാൻ സമയം നൽകണമെന്നാവശ്യപ്പെട്ടാണ് ശനിയാഴ്ച രാവിലെ സാമുവൽ ജെറോമും നിമിഷയുടെ അമ്മ പ്രേമകുമാരിയും കത്ത് നൽകിയത്.
മാഡം എന്‍റെ കൂടെയുള്ളതാണ് ആശ്വാസമെന്നാണ് നിമിഷ കഴിഞ്ഞ ദിവസം അയച്ച സന്ദേശം. ജയിലിലുള്ളവര്‍ക്കും നിമിഷയുടെ അമ്മയ്ക്കുമടക്കം നേരത്തെ തന്നെ മരവിപ്പിച്ച കാര്യം അറിയമായിരുന്നുവെന്നും ദീപാ ജോസഫ് പറഞ്ഞു.