
ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്‍റെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കി. കഴിഞ്ഞ 14നാണ് വധശിക്ഷ മരവിപ്പിച്ചതായുള്ള വിവരം ലഭിക്കുന്നത്. അതിനുശേഷം വധശിക്ഷ റദ്ദാക്കുന്നതിലടക്കം നിരന്തരം ചര്‍ച്ചകള്‍ യെമനിൽ നടന്നിരുന്നു.അതിന്‍റെ ഭാഗമായാണ് വധശിക്ഷ റദ്ദാക്കാൻ ധാരണയായതെന്നും ജവാദ് മുസ്തഫാനി പറഞ്ഞു.
വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായെന്ന വിവരമാണ് കാന്തപുരത്തിന്‍റെ ഓഫീസ് ഇന്നലെ രാത്രി പങ്കുവെച്ചത്. യെമൻ പണ്ഡിത സംഘത്തിന് പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്തെന്നാണ് വിവരം. എന്നാൽ, ദയധനത്തിന്‍റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ, വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു.
ഇതിനിടെ, നിമിഷപ്രിയയുടെ മോചനത്തിനായി നിമിഷപ്രിയയുടെ ഭർത്താവും മകൾ മിഷേലും യെമനിലെത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. യെമനിൽ നിന്ന് ഇവർക്കൊപ്പം ഡോ. കെ.എ പോൾ എന്ന ഇവാഞ്ചലിസ്റ്റ് നേതാവ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടനെ മോചിതയാകുമെന്നും പ്രഖ്യാപിച്ചയാളാണ് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകൻ കെ.എ പോൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam