ജോലിക്ക് ചേരാൻ തീരുമാനിച്ചിരുന്നില്ല, വിവാദങ്ങളുടെ ലക്ഷ്യം താനല്ലെന്ന് അറിയാം: പ്രതികരണവുമായി നിനിത കണിച്ചേരി

By Web TeamFirst Published Feb 5, 2021, 11:20 PM IST
Highlights

നിലവിലെ വിവാദങ്ങളുടെ സത്യാവസ്ഥ അറിയാതെ ഞാൻ ഈ ജോലിക്ക് ചേരുന്നില്ല. ഈ വിവാദങ്ങളുടെയൊന്നും അന്തിമ ലക്ഷ്യം ഞാനല്ല എന്നെനിക്കറിയാം. എന്നാൽ എന്നെക്കൂടി ബാധിക്കുന്നതാണ് ഈ വിഷയങ്ങളെല്ലാം. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് എനിക്കെതിരെ ഉയരുന്നത്. 

തിരുവനന്തപുരം: കാലടി സർവ്വകലാശാലയിലെ ജോലി ലഭിച്ചെങ്കിലും അവിടെ ജോയിൻ ചെയ്യുന്ന കാര്യത്തിൽ താൻ തീരുമാനിച്ചിരുന്നില്ലെന്ന് എംബി രാജേഷിൻ്റെ പത്നി നിനിത കണിച്ചേരി. ബോധപൂർവ്വം തന്നെ ജോലിയിൽ നിന്നും നീക്കാൻ ചില കോണുകളിൽ നിന്നും ശ്രമമുണ്ടായെന്നും അതേ തുടർന്നാണ് ജോലിക്കേ ചേരാൻ തീരുമാനിച്ചതെന്നും ന്യൂസ് അവറിൽ അവർ പറഞ്ഞു.

നിനിത കണിച്ചേരിയുടെ വാക്കുകൾ - 

നിലവിലെ വിവാദങ്ങളുടെ സത്യാവസ്ഥ അറിയാതെ ഞാൻ ഈ ജോലിക്ക് ചേരുന്നില്ല. ഈ വിവാദങ്ങളുടെയൊന്നും അന്തിമ ലക്ഷ്യം ഞാനല്ല എന്നെനിക്കറിയാം. എന്നാൽ എന്നെക്കൂടി ബാധിക്കുന്നതാണ് ഈ വിഷയങ്ങളെല്ലാം. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് എനിക്കെതിരെ ഉയരുന്നത്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ ജോലിക്ക് ചേരണമോ വേണ്ടയോ എന്ന കാര്യത്തിൽ ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് എന്നെ ജോലിയിൽനിന്നും ഒഴിവാക്കാനുള്ള ശ്രമം ചില കോണുകളിൽ നിന്നുണ്ടായത്. അതോടെയാണ് ജോലിക്ക് ജോയിൻ ചെയ്യാൻ ഞാൻ തീരുമാനിച്ചത്. 

വാർത്തയോടൊപ്പം വന്ന ദൃശ്യങ്ങളിൽ ഏഴ് കൊല്ലം മുമ്പുള്ള പിഎസ്‍സി  റാങ്ക് ലിസ്റ്റിൻ്റെ ചിത്രങ്ങളുണ്ട്. ഇപ്പോഴത്തെ പരീക്ഷയിൽ എനിക്ക് തൊട്ടുതാഴെ റാങ്ക് ലിസ്റ്റിൽ വന്നു എന്നു പറയുന്നവരുടെ പേര് ഈ റാങ്ക് ലിസ്റ്റിൽ എവിടെയെങ്കിലുമുണ്ടോ എന്ന് കാണിക്കണം. സർവകലാശാലാ നിയമനവുമായി ഈ റാങ്ക് ലിസ്റ്റിന് ഒരു ബന്ധവുമില്ല. ഇതിൽ ഞാനാരേക്കാളും മുന്നിൽ എന്ന് അവകാശപ്പെടുന്നില്ല. പക്ഷേ നിലവിലെ വിവാദങ്ങളെക്കുറിച്ച്  സർവകലാശാലയോട് ഞാൻ തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. പിഎസ്.സി പരീക്ഷയിൽ എനിക്ക് 212-ാം റാങ്കായിരുന്നു എന്നു കാണിക്കുന്നത് തെറ്റാണ്. 
 

click me!