നിനിത കണിച്ചേരിയുടെ നിയമന വിവാദം; കാലടി സർവകലാശാല വിസി ഗവർണർക്ക് ഇന്ന് വിശദീകരണം നൽകും

By Web TeamFirst Published Feb 9, 2021, 5:56 AM IST
Highlights

മലയാളം വിഭാഗം അസിസ്റ്റന്‍റ് പ്രൊഫ. തസ്തികയിൽ മൂന്നാം റാങ്ക് നേടിയ വി. ഹിക്മത്തുള്ള, സേവ് യൂനിവേഴ്സിറ്റി ഫോറം എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ വൈസ് ചാൻസലർ ധർമരാജ് അടാട്ടിൽ നിന്ന് വിശദീകരണം തേടിയത്. 
 

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി എം ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കാലടി സർവകലാശാല വൈസ് ചാൻസലർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും. മലയാളം വിഭാഗം അസിസ്റ്റന്‍റ് പ്രൊഫ. തസ്തികയിൽ മൂന്നാം റാങ്ക് നേടിയ വി ഹിക്മത്തുള്ള, സേവ് യൂനിവേഴ്സിറ്റി ഫോറം എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർ ധർമരാജ് അടാട്ടിൽ നിന്ന് വിശദീകരിണം തേടിയത്.

റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് എം ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നൽകിയെന്നാണ് ഗവർണർ ലഭിച്ച പരാതി. എന്നാൽ 2018 ലെ യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് നിനിതയ്ക്ക് നിയമനം നൽകിയതെന്നും ആർക്ക് വേണ്ടിയും ചട്ടങ്ങളിൽ തിരുത്തൽ വരുത്തുകയോ വെള്ളം ചേർക്കുകയോ ചെയ്തിട്ടില്ലെന്നാണ് സർവ്വകലാശാലയുടെ വാദം. നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ​അന്വേഷണം നടത്തേണ്ട ആവിശ്യമില്ലെന്നും നിനിത കണിച്ചേരിയുടെ നിയമനം റദ്ദാക്കില്ലെന്നും കാലടി സർവ്വകലാശാല വൈസ് ചാൻസലർ ധർമരാജ് അടാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. അതേസമയം, കാലടി സർവകാലശാലയിലേക്ക് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

Also Read: നിനിത കണിച്ചേരിയുടെ നിയമനത്തിൽ വിശദീകരണം തേടി ഗവർണർ; അന്വേഷണം വേണ്ടെന്ന് വിസി

click me!