
മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്ന് ആരോഗ്യ വകുപ്പ് സർവേ തുടങ്ങും. വീടുകൾ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താൻ വേണ്ടിയാണ് സർവേ. മരിച്ച വിദ്യാർത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്മെൻ്റ് സോണാക്കി ഇന്നലെ ജില്ലാ കലക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ നിപ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങളും ഏർപെടുത്തിയിട്ടുണ്ട്.
ഈ വാർഡുകളിൽ ഇന്നത്തെ നബിദിന ഘോഷയാത്രക്കും വിലക്കുണ്ടാവും. തിരുവാലി പഞ്ചായത്തിലാകെ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. അതിനിടെ, യുവാവിന്‍റെ മരണത്തിന് കാരണം നിപയെന്ന് പ്രാഥമിക പരിശോധന ഫലം വന്നതോടെ യുവാവിന്‍റെ സമ്പർക്ക പട്ടികയിൽ കൂടുതല്‍ പേരുണ്ടാകാമെന്നാണ് സൂചന. നിലവില്‍ യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 151പേരുടെ പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയതെങ്കിലും പട്ടികയിലെ ആളുകളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം. യുവാവിന്‍റെ മരണാന്തര ചടങ്ങിൽ കൂടുതല്‍ പേരെത്തിയതും സമ്പര്‍ക്ക പട്ടിക ഉയരാൻ കാരണമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അതുപോലെ പനി ബാധിച്ച് യുവാവ് രണ്ട് സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടിയത്. ഇവിടെയും കൂടുതല്‍ പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ടായേക്കാം.
തിരുവാലിയില്‍ പനി ബാധിതരായ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന് നിപയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഔദ്യോഗിക സ്ഥിരീകരണത്തിനായി പുനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചു. ഇവിടെ നിന്നുള്ള പരിശോധനാഫലവും പോസിറ്റീവാണ്. പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവ് ആയതോടെ തിരുവാലിയില്‍ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്ന് പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരുവാലി പഞ്ചായത്തില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി.
ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായിരുന്ന 23 കാരൻ 22 നാണ് നടുവത്തെ വീട്ടില്‍ വന്നത്. അഞ്ചാം തീയതിയോടെ പനി ബാധിച്ച് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റിയ യുവാവ് 9ന് തിങ്കളാഴ്ച്ച മരിച്ചു. പരിസരത്തും ആശുപത്രികളിലുമായി യുവാവിന് വലിയ തോതില്‍ സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങിലും നിരവധിപേര്‍ പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ സമ്പര്‍ക്കപട്ടിക ഇനിയും നീളാനാണ് സാധ്യത. രണ്ട് മാസം മുമ്പ് ജൂലൈയിൽ നിപ ബാധിച്ച് പാണ്ടിക്കാട് സ്വദേശിയായ 14 കാരനും മരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam