നിപ നിയന്ത്രണ വിധേയം; ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

By Web TeamFirst Published Jun 5, 2019, 6:04 PM IST
Highlights

രോഗിയുമായ സമ്പര്‍ക്കത്തിലായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്  നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തതോടെ എണ്ണം 314 ആയി.  

കൊച്ചി: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ നിലയില്‍ പുരോഗതിയെന്ന് ആരോഗ്യ വകുപ്പ്. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണ്. മൃഗങ്ങളിൽ നിപക്ക് സമാനമായ രോഗ ലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഹെല്‍ത്ത് ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

ചികിത്സയില്‍ കഴിയുന്ന യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ആറു രോഗികളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. രോഗിയുമായ സമ്പര്‍ക്കത്തിലായികണ്ടെത്തിയതിനെത്തുടര്‍ന്ന്  നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തതോടെ എണ്ണം മൊത്തം 314 ആയി.  പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആലപ്പുഴയില്‍ നിന്ന് ഡോ.ബാലമുരളി, പൂന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോ. റീമ സഹായ്, ഡോ അനിത എന്നിവര്‍ ഇന്ന് ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് ഡയറക്ടര്‍ ഡോ. രുചി ജയിന്‍റെ നേൃതത്വത്തിലുള്ള ആറംഗ സംഘം പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയില്‍ നിന്നുള്ള ഡോ. തരുണിന്‍റെ നേതൃത്വത്തിലുള്ള സംഘം ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി. 

ജില്ലയില്‍ ഇതുവരെ മൃഗങ്ങളില്‍ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ജില്ലയിലെ എല്ലാ വെറ്റിനറി സ്ഥാപനങ്ങളിലും മൃഗ രോഗങ്ങള്‍ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നതിനും നിപാ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹെല്‍ത്ത് ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഇത് സംബന്ധിച്ച് പരിഭ്രാന്തി ഉണ്ടാകേണ്ട സാഹചര്യം ഇല്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നെത്തിയ ഉന്നതസംഘം അറിയിച്ചിട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട ജാഗ്രത ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുന്നതിനും ക്ലിനിക്കല്‍ സര്‍വൈലന്‍സ് തുടരുന്നതിനും ഉന്നതസംഘം നിര്‍ദ്ദേശം നല്‍കി. വന്യജീവികളിലെ രോഗസാധ്യത സംബന്ധിച്ച് നിരീക്ഷണ നടപടികള്‍ തുടര്‍ന്നുവരികയാണ്. 

തൃശൂര്‍, ഇടുക്കി ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇവിടെ ജാഗ്രത നടപടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ്  ഭോപ്പാല്‍, സതേണ്‍ റീജിയണല്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി ബംഗളൂരു എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ച ജില്ല സന്ദര്‍ശിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തി വൃത്തിഹീനമായവയ്ക്ക് നോട്ടീസ് നല്‍കിയതായും പരിശോധന തുടരുന്നതായും ബുള്ളറ്റിനില്‍ വ്യക്തമാക്കി. 

അതേസമയം തൃശൂരിൽ 35 പേർ നിരീക്ഷണത്തിലാണ്. 3 പേരുടെ പനി പൂർണമായും മാറിയതായി ഡിഎംഒ വ്യക്തമാക്കി. കൊല്ലത്ത് നാല് പേരുടെ നിരീക്ഷണം തുടരുകയാണ്. നിലവിൽ ഇവര്‍ക്ക് ഒരു ആരോഗ്യ പ്രശ്നങ്ങളുമില്ല. തൊടുപുഴയിൽ ആരും നിരീക്ഷണത്തിലില്ലെന്ന് ഡിഎംഒ വ്യക്തമാക്കി. 

click me!