നിപ ഭീഷണി: കൂടുതല്‍ കേന്ദ്ര സഹായം തേടി ആരോഗ്യമന്ത്രി കെകെ ശൈലജ ദില്ലിക്ക്

By Web TeamFirst Published Jun 6, 2019, 3:59 PM IST
Highlights

സംസ്ഥാനത്ത് നിപ ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് ദില്ലിക്ക്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായി കൂടിക്കാഴ്ച നടത്തും.

തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് 'നിപ' രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ  ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് ദില്ലിക്ക് തിരിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായി കെ കെ ശൈലജ കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും.

കോഴിക്കോട് റീജണൽ വൈറോളജി ലാബ് വേണമെന്ന ആവശ്യം കെ കെ ശൈലജ വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കും. കോഴിക്കോട് ലാബിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടി രൂപ മതിയാകില്ലെന്നും കൂടുതൽ തുക വേണമെന്നും ആരോ​ഗ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിക്കും. വൈറോളജി ലാബ് രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കാനാണ് ശ്രമമെന്നും കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, കേരളം സന്ദർശിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അടിയന്തര സാഹചര്യം ഉണ്ടായാൽ സംസ്ഥാനത്തെത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു. നിപയുടെ ഉറവിടവും ഒരു വർഷത്തിന് ശേഷം വീണ്ടും വന്നതും നിലവിൽ കേരളത്തിലുള്ള കേന്ദ്ര സംഘം പഠിക്കും. ദില്ലിയിൽ കേന്ദ്രമന്ത്രി വി മുരളീധരനുമായി നടത്തിയ ചർച്ചയിലാണ് ഹർഷവർദ്ധൻ ഇക്കാര്യം അറിയിച്ചത്.

Also Read: നിപയില്‍ ആശങ്ക വേണ്ട; സ്ഥിതി നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

നിലവിൽ 316 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. എന്നാൽ ഇത്രയും പേർ രോഗബാധിതനായ വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയവരല്ല. അതേസമയം, നിപ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തിൽ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Also Read: ചികിത്സയിൽ കഴിയുന്ന ആറ് പേര്‍ക്കും നിപ ഇല്ല; പൂനെയിൽ നിന്ന് പരിശോധനാ ഫലം കിട്ടി

click me!