
കോഴിക്കോട്: നിപ വൈറസ് ബാധയുടെ മൂന്നാം വരവിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മരിച്ച കുട്ടിയുടെ വീട്ടിലെ ആടിന് രണ്ടരമാസം മുൻപ് ഏതോ അസുഖം വന്നിരുന്നു. അതും പരിശോധന പരിധിയിലുണ്ടെന്ന് മന്ത്രി അറിയിച്ചു. രോഗപ്രതിരോധത്തിനായി മോണോക്ലോണൽ ആന്റിബോഡി ഓസ്ട്രേലിയയിൽ നിന്ന് എത്തിക്കും. ഉറവിട പരിശോധനയുടെ ഭാഗമായി കുട്ടിയുടെ വീട്ടിൽ എത്തിയവർ, വീടിനടുത്തെ സമീപകാല മരണങ്ങൾ എന്നിവ പരിശോധിക്കുമെന്നും മന്ത്രി അവലോകന യോഗത്തിന് ശേഷം അറിയിച്ചു.
എല്ലാ ദിവസവും രോഗബാധയുടെ പുരോഗതി നാല് മണിക്ക് മാധ്യമങ്ങളെ അറിയിക്കും. ഇന്ന് വൈകീട്ട് നാല് മണിക്ക് മുൻപ് ഹൈറിസ്ക്ക് പട്ടികയിലുള്ള 20 പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. സമ്പർക്ക പട്ടികയിൽ മെഡിക്കൽ കോളേജിലെ 100 ആരോഗ്യപ്രവർത്തകരും സ്വകാര്യ ആശുപത്രിയിലെ 36 ആരോഗ്യപ്രവർത്തകരും അടക്കം 188 പേരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ രണ്ട് ആരോഗ്യപ്രവർത്തകർക്കാണ് ലക്ഷണങ്ങൾ കണ്ടത്. ഇന്ന് മൂന്ന് മണിക്ക് സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.
മരിച്ച കുട്ടിയെ വെന്റിലേറ്റർ കുറവായത് കൊണ്ടാണ് മെഡിക്കൽ കോളേജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ലഭിച്ച വിശദീകരണമെന്ന് മന്ത്രി അറിയിച്ചു. കുട്ടിയെ മാറ്റാൻ ബന്ധുക്കൾ തന്നെയാണ് തീരുമാനിച്ചതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇതുവരെ ഒരു കേസ് മാത്രമാണ് സ്ഥിരീകരിച്ചത്. നിപ ബാധയുമായി ബന്ധപ്പെട്ട് കോൾ സെന്റർ തുറന്നിട്ടുണ്ട്. 0495-238500, 0495-2382800 എന്നീ നമ്പറുകളിലേക്ക് വിളിച്ചാൾ കോൾ സെന്ററിൽ ബന്ധപ്പെടാം.
നിപബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്നലെ തന്നെ പ്രതിരോധ കർമ്മ പദ്ധതികൾ തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. സമ്പർക്കപ്പട്ടികയിൽ ഇതുവരെ 188 പേരാണ് ഉള്ളത്. ആദ്യം പനിയായി പോയ ക്ലിനിക്കിൽ ഒൻപത് പേർ സമ്പർക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ കോളേജ് ആശുപത്രികൾ എന്നിവിടങ്ങളിലെയും സമ്പർക്കം കണ്ടത്തി. ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ ഉള്ളത് 20 പേരാണ്. ഇവരിൽ രണ്ട് പേർക്കാണ് രോഗ ലക്ഷണം. രണ്ട് പേരും ആരോഗ്യ പ്രവർത്തകരാണ്. ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലുമാണ് ജോലി ചെയ്യുന്നത്.
ഹൈറിസ്ക് സമ്പർക്കത്തിലുള്ള 20 പേരെയും മെഡിക്കൽ കോളേജിലേക്ക് ഉടൻ മാറ്റും. ഇന്ന് വൈകീട്ട് നാല് മണിക്കുള്ളിൽ ഇവരെ ഇവിടെ എത്തിക്കും. ഒരാഴ്ച അതീവ ജാഗ്രത വേണം. ഇതിനായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന്റെ മൂന്ന് കിലോമീറ്റർ പരിധി അടച്ചിടും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സംഘം കോഴിക്കോടേക്ക് തിരിച്ചിട്ടുണ്ട്. വൈറോളജി ലാബ് കോഴിക്കോടൊരുക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്രവ പരിശോധന ഒരുക്കും. നാളെ വൈകിട്ട് സജ്ജീകരണം പൂർത്തിയാവും. അവശ്യ മരുന്നുകൾ സ്റ്റോക്ക് ഉണ്ടെന്ന് മന്ത്രി അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam