നിപ രോഗി വെന്റിലേറ്ററിൽ, റെംഡിവിർ ഡോസ് നൽകി; സമ്പർക്കപ്പട്ടികയിലെ പരിശോധനാ ഫലം നെഗറ്റീവ്; സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് 3 മരണമെന്നും മന്ത്രി

Published : Jun 14, 2026, 03:13 PM IST
K Muraleedharan

Synopsis

കോഴിക്കോട് നിപ സ്ഥിരീകരിച്ച രോഗി വെന്റിലേറ്ററിൽ തുടരുന്നുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് 135 ഷിഗെല്ല കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തെന്നും മുരളീധരൻ വ്യക്തമാക്കി

കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. രോഗിക്ക് ജൂൺ പത്ത് മുതൽ പ്രതിരോധ മരുന്നുകളും 12 മുതൽ ആന്റിബോഡിയും നൽകിത്തുടങ്ങിയിരുന്നു. ഇതിന് പുറമെ ഇന്നലെ ബഹ്റൈനിൽ നിന്ന് കോഴിക്കോട്ട് എത്തിച്ച റെംഡിവിർ മരുന്നിന്റെ ആദ്യ ഡോസ് ഇന്ന് രാവിലെ രോഗിക്ക് നൽകിയിട്ടുണ്ട്. നിലവിൽ രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാ ഫലം പുറത്തുവന്നതിൽ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സമ്പർക്കപ്പട്ടികയിൽ 44 ആരോഗ്യപ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ 30 പരിശോധനകൾ നടത്തിയതിൽ നിലവിൽ ചികിത്സയിലുള്ള രോഗിയുടേതൊഴികെ മറ്റെല്ലാവരുടെയും ഫലം നെഗറ്റീവാണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും കൃത്യമായ സഹായവും നിരീക്ഷണവും ആരോഗ്യവകുപ്പ് ഉറപ്പാക്കുന്നുണ്ടെന്ന് കെ മുരളീധരൻ അറിയിച്ചു.

ഷിഗെല്ല ബാധിച്ച് 3 മരണം

അതേസമയം സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടർന്ന് മൂന്ന് മരണങ്ങൾ സംഭവിച്ചെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിൽ രണ്ട് മരണങ്ങളും കോഴിക്കോട് ജില്ലയിലാണ്. മൂന്നാമത്തെ മരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 54 വയസ്സുള്ള സ്ത്രീയാണ്. മരണശേഷമാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായത്. നിലവിൽ കേരളത്തിൽ 135 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധ തടയുന്നതിനായി ജൂൺ മാസം മുതൽ 'സ്റ്റോപ്പ് ഡയേറിയ' ക്യാമ്പയിൻ സംസ്ഥാനവ്യാപകമായി നടന്നുവരികയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഷിഗെല്ല ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. ജില്ലയിൽ മാത്രം 68 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട് ജില്ലയിൽ 16 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധയെ തുടർന്ന് നിലവിൽ നാല് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യുവിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ഷിഗെല്ല പടരാതിരിക്കാനുള്ള മുൻകരുതലുകളും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സസ്പെൻഷൻ കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചു, പിന്നാലെ കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കി
ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത നടപടി: പ്രതികരണവുമായി മുഖ്യമന്ത്രി, 'ഗുരുതരമായ വീഴ്ച, അതീവ ഗൗരവകരം'