നിപ സംശയം: പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം ഇന്ന് ലഭിക്കും

By Web TeamFirst Published Jun 4, 2019, 5:49 AM IST
Highlights

പരിശോധനഫലം എന്ത് തന്നെ ആയാലും പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി നടത്തണമെന്നാണ് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. 

കൊച്ചി: നിപ വൈറസ് ബാധ സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ന് ലഭിക്കും. വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് നീക്കം.  

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ രക്ത സാമ്പിളുകൾ പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ചത്. പരിശോധനഫലം എന്ത് തന്നെ ആയാലും പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി നടത്തണമെന്നാണ് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. 

ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ കോട്ടയത്തും ഐസലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ വീട്ടുകാർ അടക്കം 86 പേർ നിലവിൽ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇതിന് പുറമെയുള്ളവരെകൂടി കണ്ടെത്താനുള്ള ജില്ലാ തല പ്രവർത്തനവും ഇന്ന് നടക്കും. ഇതിനായി ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനമടക്കം നൽകിയിട്ടുണ്ട്.

രാവിലെ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യ സ്ഥിതി അടക്കം വിശദീകരിക്കാൻ ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പരിശോധന വിവരങ്ങളും മന്ത്രി മാധ്യമങ്ങളെ അറിയിച്ചേക്കും. സ്വകാര്യ ആശുപത്രിയിൽ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്ന ചികിത്സയിൽ വിദഗ്ധ സംഘം സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
 

click me!