നിപ: കോഴിക്കോട് ജാഗ്രത തുടരുന്നു; രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതം, വവ്വാലുകളെ നിരീക്ഷിക്കും

By Web TeamFirst Published Sep 10, 2021, 7:10 AM IST
Highlights

രോഗം ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 274 പേരുണ്ട്. ഇവരിൽ ഏഴ് പേർ കൂടി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് റിപ്പോർട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധന ഊർജ്ജിതമാക്കി. മൃഗ സംരക്ഷണ വകുപ്പിനൊപ്പം പൂനൈ എൻ ഐ വി യിൽ നിന്നുളള വിദഗ്ധ സംഘവും പരിശോധനകൾക്കുണ്ട്. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച് പിടിച്ച് നിരീക്ഷിക്കുക. രോഗം ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 274 പേരുണ്ട്. ഇവരിൽ ഏഴ് പേർ കൂടി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതുവരെ പരിശോധിച്ച 68 പേർക്ക് രോഗബാധയില്ലെന്ന് വ്യക്തമായി.

തുടർച്ചയായ മൂന്നാംദിവസവും പരിശോധന ഫലം നെഗറ്റീവായതോടെ നിപ ഭീതി അകലുകയാണെങ്കിലും ജില്ലയില്‍ ജാഗ്രത തുടരുകയാണ്. ചാത്തമംഗലത്ത് വീടുകൾ കേന്ദ്രീകരിച്ചുളള സർവ്വേയിൽ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ലെന്നതും ആശ്വാസമേകുന്നു. എങ്കിലും ചാത്തമംഗലത്തും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കൊവിഡ്, നിപ സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിലുൾപ്പെടെ പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, നിപയുടെ  ഉറവിടം കണ്ടെത്താനുളള പരിശോധനകള്‍ തുടരുകയാണ്. തിരുവനന്തപുരം മൃഗരോഗ നിർണയ കേന്ദ്രത്തിലെ വിദഗ്ധ സംഘം ചാത്തമംഗലത്തും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി. ഇവിടുത്തെ പക്ഷികളിൽ നിന്നും മ‍‍‍ൃഗങ്ങളില്‍ നിന്നും ശേഖരിച്ച  സാംപിളുകൾ  വിമാന മാർഗ്ഗം ഭോപ്പാലിലെ  വൈറോളജി ലാബിലേക്കയച്ചു. കാർഗോ കമ്പനിയുടെ എതിര്‍പ്പാണ് സാംപിളുകള്‍ അയക്കാൻ വൈകിയത്. നിപ ഭീതിയെ തുടർന്ന് സാംപിളുകൾ അയക്കാനാവില്ലെന്ന ഇന്‍ഡിഗോ എയർലൈന്‍‍സ് കാർഗോ കമ്പനിയുടെ നിലപാട് പിന്നീട്  സർക്കാർ ഇടപെട്ട് പരിഹരിച്ചെന്ന് മൃസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!