നിപ: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്; നിര്‍ദേശവുമായി മന്ത്രി

Published : Sep 13, 2023, 09:06 AM IST
നിപ: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്; നിര്‍ദേശവുമായി മന്ത്രി

Synopsis

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഏഴു ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: നിപ പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസിന് നിര്‍ദേശം നല്‍കി. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവരുടെ പരീക്ഷകള്‍ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. 

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഏഴു ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് - 1,2,20 വാര്‍ഡുകള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാര്‍ഡുകള്‍, വില്യപ്പളളി ഗ്രാമപഞ്ചായത്ത് - 6,7 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാര്‍ഡുകള്‍. കണ്ടെയിന്‍മെന്റ് സോണായ ഈ പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും കലക്ടര്‍ അറിയിച്ചു. ഈ വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. ദേശീയ, സംസ്ഥാന ഹൈവേ വഴി യാത്ര ചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ എവിടെയും നിര്‍ത്തരുത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും നല്‍കേണ്ടതാണ്. ഈ പ്രദേശങ്ങളിലുള്ളവര്‍ സാമൂഹിക അകലം പാലിക്കണം.  മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

ഈ പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ അനുവദിക്കൂ. പ്രവര്‍ത്തന സമയം രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ മാത്രമാണ്. മരുന്ന് ഷോപ്പുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖല- ബാങ്കുകള്‍, സ്കുളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നും കലക്ടര്‍ അറിയിച്ചു. 

 നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് 
 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്