'നിപ' ഭീതിക്ക് ഒരു വർഷം: മരിച്ച സാബിത്തിന്‍റെ കുടുംബത്തിന് സഹായം ഇനിയും അകലെ

By Web TeamFirst Published May 8, 2019, 8:18 AM IST
Highlights

നിപ്പ ബാധിച്ച് ആദ്യം മരിച്ച പേരാന്പ്രയിലെ സാബിത്തിന്‍റെ കുടുംബത്തിന് സഹായധനം ഇനിയും കിട്ടിയിട്ടില്ല. സാബിത്തിന്‍റെ മരണം നിപ്പ മൂലമെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം.
 

കോഴിക്കോട്: സംസ്ഥാനത്താകെ ഭീതി വിതക്കുകയും കോഴിക്കോട് 18 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷമാകുന്നു. നിപ്പ ബാധിച്ച് ആദ്യം മരിച്ച പേരാന്പ്രയിലെ സാബിത്തിന്‍റെ കുടുംബത്തിന് സഹായധനം ഇനിയും കിട്ടിയിട്ടില്ല. സാബിത്തിന്‍റെ മരണം നിപ്പ മൂലമെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം.

സാബിത്തിന് പിന്നാലെ ഉപ്പയും സഹോദരനും വൈറസ് ബാധയേറ്റ് മരിച്ചതോടെ സൂപ്പിക്കടയിലെ വളച്ചു കെട്ടി വീട്ടിൽ  ഉമ്മയും അനിയൻ മുത്തലിബും തനിച്ചായി. സാബിത്ത് മരിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് മരണ കാരണം നിപ്പ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഉറ്റവരുടെ മരണത്തിന് ശേഷം സാബിത്തിന്‍റെ ഉമ്മയും അനിയനും വീട്ടില്‍ നിന്ന് മാറി മറ്റൊരിടത്താണ് താമസം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ മുത്തലിബിന്‍റെ ഏക ലക്ഷ്യം ഉമ്മയുടെ സന്തോഷം മാത്രമാണ്. പഠിക്കാൻ മിടുക്കനായിരുന്ന മുത്തലിബിനെ ഏട്ടൻമാരുടെയും പിതാവിന്‍റെയും മരണം ചെറുതായൊന്നുമല്ല തളർത്തിയത്.

എന്നാൽ സാബിത്തിന്‍റെ ചികിൽസച്ചെലവോ നഷ്ടപരിഹാരത്തുകയോ ഒരു വർഷം കഴിഞ്ഞിട്ടും കുടുംബത്തിന് കിട്ടിയില്ല. ഇടക്ക് പരാതിയുമായി വില്ലേജ് ഓഫീസിൽ ചെന്നിരുന്നെങ്കിലും പിന്നീട് ഇവർ ആരോടും പരാതി പറഞ്ഞില്ല. സാബിത്തിന്‍റെ മരണ കാരണം നിപ്പ വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് ഇവർക്ക് കിട്ടിയ മറുപടി. എന്നാൽ മരണം സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യ വകുപ്പിന് സമർപ്പിച്ചതായും ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കുമെന്നും കോഴിക്കോട് ഡിഎംഒ ഡോക്ടർ ജയശ്രീ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!