പരിശോധനാ ഫലം നെഗറ്റീവ്; ചികിത്സയിൽ കഴിയുന്ന മൂന്ന് പേര്‍ക്ക് നിപ ഇല്ല

By Web TeamFirst Published Jun 11, 2019, 12:25 PM IST
Highlights

ഇന്നലെ പരിശോധനയ്ക്ക് അയച്ച മൂന്ന് സാമ്പിളുകളിലും നിപ നെഗറ്റീവാണ്. പൂനെ വൈറോളജി ഇൻസ്റ്റിട്യൂറ്റിൽ നിന്നുള്ള പരിശോധന ഫലമാണ് പുറത്തുവന്നത്. 

കൊച്ചി: നിപ രോഗലക്ഷണത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്ന് പേർക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ മൂവർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. കളമശേരി, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പരിശോധന ഫലം ആണ് ഇന്ന് പുറത്തു വന്നത്.

നിപ ഉറവിട പരിശോധനകള്‍ സജീവമായി തുടരുമ്പോഴാണ് മറുവശത്ത് ആരോഗ്യവകുപ്പിന് ആശ്വാസമായി പരിശോധനാഫലങ്ങൾ പുറത്ത് വരുന്നത്. തൃശൂർ, ഇടുക്കി, കളമശേരി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.  കളമശേരിയില്‍ നിന്ന് പുനഃപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവ് ആയി. വൈറസ് ബാധയെന്ന സംശയത്തിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും പരിശോധനാ ഫലം ഇതോടെ പുറത്തുവന്നു. നിരീക്ഷണത്തിൽ കഴിയുന്ന 329 പേർക്കും നിപാ ലക്ഷണങ്ങളില്ല.

നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്. കടുത്ത മസ്തിഷ്ക ജ്വരം ഉണ്ടായിരുന്ന യുവാവിന്‍റെ പനി കുറഞ്ഞു. പരസഹായമില്ലാതെ വിദ്യാർത്ഥി നടക്കാനും തുടങ്ങി. അതായത് വൈറസ് ബാധ കണ്ടെത്തിയ ദിനം മുതൽ ഉള്ള ഇരുപത്തിയൊന്ന് ദിന ഇൻക്യുബേഷൻ കാലാവധി കൂടി മറികടന്നാൽ കേരളം നിപയെ അതിജീവിച്ചുവെന്ന് സധൈര്യം പറയാം. നിലവിൽ പുതിയതായി നിപ രോഗലക്ഷണങ്ങളോടെ സംസ്ഥാനത്ത് ആരും ചികിത്സ തേടിയിട്ടില്ല എന്നത് ആരോഗ്യവകുപ്പിന് ആത്മവിശ്വാസം പകരുന്നുണ്ട്. വരും ദിവസങ്ങളിലും ജനങ്ങള്‍ ജാഗ്രത നിർദേശങ്ങളെല്ലാം പാലിക്കണം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ, ഉറവിടം പരിശോധനയും പ്രതിരോധപ്രവർത്തനങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

click me!