'പൊതുമരാമത്തി'ൽ പണപ്പിരിവെന്ന് മുഖ്യമന്ത്രി; പാലാരിവട്ടം പാലം യുഡിഎഫ് അഴിമതിയെന്ന് മന്ത്രി

By Web TeamFirst Published Jun 11, 2019, 12:00 PM IST
Highlights

കിറ്റ്‍കോയുടെ മേൽനോട്ടത്തിൽ നടന്ന എല്ലാ നിർമാണങ്ങളും പരിശോധിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം: പാലാരിവട്ടം പാലം തികഞ്ഞ അഴിമതിയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാരകരൻ. ഡിസൈനിലും നിര്‍മ്മാണത്തിവും മേൽനോട്ടത്തിലും അപാകതയുണ്ടായി. നിര്‍മ്മാണത്തിൽ കിറ്റകോയ്ക്ക് ഗുരുതര വീഴ്ച പറ്റി. മേൽനോട്ട ചുമതല ഉണ്ടായിരുന്ന സ്ഥാപനം അത് വേണ്ടവിധം നടത്തിയില്ല. കിറ്റ്കോയുടെ നേതൃത്വത്തിൽ നടന്ന എല്ലാ നിര്‍മ്മാണങ്ങളും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിം കുഞ്ഞിന്‍റെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കെബി ഗണേഷ് കുമാറിന്‍റെ ചോദ്യത്തിന് ജി സുധാകരൻ നിയമസഭയിൽ മറുപടി നൽകി. പരാതികിട്ടിയാൽ അന്വേഷിക്കുമെന്നും ജി സുധാകരൻ പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മ്മിച്ചതിലെ അഴിമതിക്കെതിരെ കൂടുതൽ പേര്‍ക്കെതിരെ അന്വേഷണം നീളുമെന്നും മന്ത്രി പറഞ്ഞു, പൊതുമരാമത്ത് വകുപ്പിലെ അഴിമതി നിർമ്മാർജനം സംബന്ധിച്ച ചോദ്യങ്ങൾ സഭയിൽ ഉയർന്നപ്പോഴും മന്ത്രി പ്രതിക്കൂട്ടിൽ നിർത്തിയത് കിറ്റ് കോയെ മാത്രം.

ഒളിയമ്പ് വച്ചുള്ള പ്രവർത്തനമല്ല അഴിമതി നടന്നങ്കിൽ അതിനെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്ന് പ്രതിപക്ഷത്തുനിന്ന് പിടി തോമസ് ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രി ജി സുധാകരനെ തിരുത്തി

പൊതുമരാമത്ത് അഴിമതിയെ കുറിച്ച് പിണറായി വിജയൻ നിയമസഭയിൽ: 

പൊതുമരാമത്ത് വകുപ്പ് തന്നെ അഴിമതിക്കളമായെന്നാണ് വിജിലൻസ് അന്വേഷണ റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. വി കെ ഇബ്രാഹിം കുഞ്ഞ്  പൊതുമരാമത്ത് മന്ത്രിയായിരിക്കെ വകുപ്പിൽ നടന്ന അഴിമതികളെ കുറിച്ച് 2015 മേയ് 28 ൽ തന്നെ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ അത് ഗൗരവമായെടുക്കാത്തിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിൽ മാറാനും, പുതിയ എസ്റ്റിമേറ്റിനും, സാധനങ്ങൾ മറിച്ചു വിറ്റുമൊക്കെ അഴിമതി നടത്തിയെന്ന വിജിലൻസ്  റിപ്പോർട്ടിലെ ഒമ്പത് നിഗമനങ്ങൾ 
മുഖ്യമന്ത്രി അക്കമിട്ട് നിരത്തി.

ഉദ്യോഗസ്ഥര്‍ക്കിടയിൽ വ്യാപകമായ പണപ്പിരിവ് നടക്കുന്നുണ്ട്. മന്ത്രിക്കും സെക്രട്ടറിക്കും നൽകാനെന്ന പേരിലാണ് പണപ്പിരിവ് നടത്തുന്നത്. മേൽത്തട്ടിലേക്ക് എന്ന പേരിൽ നടക്കുന്ന പണപ്പിരിവിന്‍റെയും ടാര്‍ വിൽപ്പന മുതൽ സ്ഥലംമാറ്റം അടക്കം  അഴിമതി വിശദാംശങ്ങളും നിയമസഭയിൽ അവതരിപ്പിച്ച പിണറായി വിജയൻ ആരൊക്കെ അഴിമതി നടത്തുന്നോ അവരെ ആരേയും വെറുതെ വിടില്ലെന്നും  ഓര്‍മ്മിപ്പിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അഴിമതി നടത്തിയ 100ൽപ്പരം ഉദ്യോഗസ്ഥർക്കെതിരെ  നടപടി സ്വീകരിച്ചതായും സർക്കാർ സഭയെ അറിയിച്ചു.

click me!