
ദില്ലി: നിപ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തിൽ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം തന്നെ ചികിത്സയിലിരിക്കുന്ന വിദ്യാര്‍ഥിയുടെ നില മെച്ചപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.
ആറ് പേരുടേയും സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിലവിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി. വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നേഴ്സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷൻ വാര്‍ഡിൽ കഴിയുന്നത്. ഇവരുടെ സാമ്പിളുകളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. വിദ്യാര്‍ത്ഥിയോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പേര്‍ക്കും നിപ ബാധയില്ലെന്ന സ്ഥിരീകരണം വലിയ ആശ്വാസത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.
ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. രോഗ വ്യാപനം തടയാനും പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങൾക്കും വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എറണാകുളത്ത് അവലോകന യോഗം ചേരും.
ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർദ്ധനും പ്രതികരിച്ചു.കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങലെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നു എന്നും കേന്ദ്ര ആരോഗ്യ മന്ത്രിപറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam