ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; ആശുപത്രികൾക്കെതിരെ രണ്ട് വകുപ്പുകൾ പ്രകാരം കേസ്

Published : Jun 06, 2019, 07:36 AM ISTUpdated : Jun 06, 2019, 10:58 AM IST
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; ആശുപത്രികൾക്കെതിരെ രണ്ട് വകുപ്പുകൾ പ്രകാരം കേസ്

Synopsis

മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനുമാണ് കേസ്. കോട്ടയം മെഡിക്കൽ കോളേജിനും സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നിവയ്ക്കെതിരെയുമാണ് കേസ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിക്കാനിടയായ സംഭവത്തിൽ രണ്ട് വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനുമാണ് കേസ്. കോട്ടയം മെഡിക്കൽ കോളേജിനും സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നിവയ്ക്കെതിരെയുമാണ് കേസ്.

അതേ സമയം ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ ആശുപത്രി അധികൃതർ ഇന്ന് റിപ്പോർട്ട് നൽകും. കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് ഇന്നലെ മെഡിക്കൽ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ കിട്ടാതെ മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മ‍ൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശം.

ചികിത്സാ പിഴവുണ്ടായെന്ന പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗി ആബുലൻസിലുള്ള കാര്യം മെഡിക്കൽ കോളേജിലെ പിആർഒ  ഡോക്ടർമാരെ അറിയിക്കാത്തത് വീഴ്ചയാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. ഡോക്ടർമാർ പുറത്തിറങ്ങി പരിശോധിക്കാത്തത് അവർക്ക് കൃത്യമായി വിവരം കിട്ടാത്തതിനാലാണെന്നും സൂപ്രണ്ട് വിശദീകരിച്ചു. 

എച്ച്‍വൺ എൻവൺ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്‍റിലേറ്റർ ഇല്ലാത്തതിനാൽ ആശുപത്രി അധികൃത‍ർ മടക്കിയയച്ചുവെന്നാണ് ആക്ഷേപം. രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെൻറിലേറ്റർ ലഭ്യമായില്ല.

അതേ സമയം വെന്‍റിലേറ്റർ ഒഴിവില്ലായിരുന്നെന്നും ഡോക്ടര്‍ വന്നപ്പോഴേയ്ക്കും ആംബുലന്‍സ് വിട്ട് പോയിരുന്നെന്നുമുള്ള ആര്‍എംഒയുടെ വിശദീകരണം മരിച്ച ജേക്കബിന്‍റെ മകൾ റെനി നിഷേധിച്ചു. മണിക്കൂറുകളോളം രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സില്‍ പരക്കം പാഞ്ഞെങ്കിലും രക്ഷിക്കാനാവാത്ത സ്ഥിതിയാണ് ഉണ്ടായത്. ആദ്യം സംസാരിച്ചത് ഒരു നഴ്സ് ആയിരുന്നു. അവര്‍ ലെറ്റര്‍ വാങ്ങി ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ ലെറ്റര്‍ നോക്കിയ ശേഷം പനിയുടെ വിഭാഗം ഇവിടെയല്ല എന്ന് പറഞ്ഞുവെന്നും റെനി ആരോപിച്ചിരുന്നു.

രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് പിആര്‍ഒയെ അറിയിച്ചു, ആവശ്യ സംവിധാനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇവിടെ ബെഡില്ലെന്നായിരുന്നു പിആര്‍ഒയുടെ പ്രതികരണം. ഡോക്ടര്‍മാര്‍ വന്ന് നോക്കാന്‍ പോലും തയ്യാറായില്ലെന്നും ജേക്കബ് തോമസിന്‍റെ മകള്‍ ആരോപിച്ചു. 

മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍മാരും രോഗിയെ കാണാന്‍ തയ്യാറായില്ല. എമര്‍ജന്‍സിയിലും സമാന അനുഭവം ആയിരുന്നു. പിആര്‍ഒയുടെ സമീപനം ഉത്തരവാദപരമായി ആയിരുന്നില്ല. ഒരു ഡോക്ടറെ പോലും രോഗിയെ നോക്കാന്‍ അയയ്ക്കാന്‍ പോലും പിആര്‍ഒ തയ്യാറായില്ലെന്നും മകള്‍ ആരോപിക്കുന്നു. ഇവരുടെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ
കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതി; ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി, ജനുവരി 20ന് ഹാജരാകണം