
ദില്ലി: 54.37 കിലോമീറ്റർ റോഡ് നാലുവരി പാതയാക്കുന്നതിനായി കേരളത്തിന് 1663.15 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത 183-ൽ കൊല്ലം ബൈപ്പാസ് ജങ്ഷൻ മുതൽ അഞ്ചിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ റോഡ് നാലുവരി പതയാക്കുന്നതിനാണ് തുക അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യയുടെ കശുവണ്ടി തലസ്ഥാനമെന്നറിയപ്പെടുന്ന, അറുനൂറിലധികം സംസ്കരണ യൂണിറ്റുകൾ ഉള്ള കൊല്ലത്തിന് ഈ അടിസ്ഥാന സൗകര്യ വികസനം വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
റോഡ് നവീകരണം കശുവണ്ടി മേഖലയ്ക്ക് പുറമെ കയർ, സെറാമിക്സ്, റെയർ എർത്ത്, മത്സ്യബന്ധനം തുടങ്ങിയ പ്രധാന വ്യവസായ മേഖലകൾക്കും വളരെയേറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. ഒന്നര ലക്ഷത്തിലധികം തൊഴിലാളികളാണ് ഈ മേഖലകളിൽ ജോലി ചെയ്യുന്നത്. കൊല്ലം തുറമുഖവുമായുള്ള മികച്ച കണക്റ്റിവിറ്റി ഗതാഗത ചെലവ് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും ചരക്കുനീക്കം സുഗമമാക്കാനും സഹായിക്കും. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.
നാലുവരിപ്പാത യാഥാർത്ഥ്യമാകുന്നതോടെ റോഡ് സുരക്ഷ വർദ്ധിക്കുകയും നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിധി വരെ പരിഹാരമാവുകയും ചെയ്യും. ദേശീയപാത 183-ന്റെ ഭാഗമായ ഈ പദ്ധതി, അന്തർസംസ്ഥാന - പ്രാദേശിക ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം പെരിയാർ ടൈഗർ റിസർവ്, തേക്കടി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുകയും ചെയ്യും. ഇത് മേഖലയിലെ ടൂറിസം വികസനത്തിനും സമഗ്രമായ സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ ഊർജ്ജം പകരുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam