
തിരുവനന്തപുരം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ്റെ മരണത്തിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് കാണും. വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഡിജിപിയെ നേരിൽ കാണുക. നിതിൻ്റെ മാതൃ സഹോദരനും, സഹോദരി ഭർത്താവുമാണ് ഡിജിപിയെ കാണുന്നത്. അതേസമയം നിതിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഓൺലൈൻ വായ്പാസംഘത്തിന്റെ ഭീഷണിയും മരണകാരണം ആയെന്ന സംശയത്തിലാണ് പൊലീസ്. ജാതി അധിക്ഷേപത്തിന് പുറമേ നിതിൻ ഓൺലൈൻ വായ്പ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിൻ്റെ നിർണായക ചാറ്റുകളടക്കം പൊലീസ് കണ്ടെത്തി. എന്നാല്‍, അന്വേഷണം ലോൺ ആപ്പിലേക്ക് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനെന്നാണ് കുടുംബം ആരോപിക്കുന്നത്.
അടിയന്തരമായി 8000 ലധികം രൂപ അടയ്ക്കണമെന്ന് ലോൺ മാഫിയ സംഘം നിതിന് സന്ദേശം ആയച്ചിരുന്നു. ഇതിന് മറുപടിയായി താൻ പാവമാണെന്നാണ് നിതിന്‍ അയച്ച ചാറ്റും പൊലീസ് ലഭിച്ചു. ഓൺലൈൻ വായ്പ സംഘം നിതിൻ്റെ അധ്യാപികക്കും ഭീഷണി സന്ദേശം അയച്ചെന്ന് പൊലീസ് പറയുന്നു. അധ്യാപികയെയും ലോൺ ആപ്പുകാർ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് അധ്യാപിക പ്രിൻസിപ്പിലിന് പരാതിയും നൽകി. നിതിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ നിധിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം, ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തത് വീട്ടില്‍ അറിഞ്ഞാണെന്നും അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പണം എടുത്തതെന്നും നിതിന്‍റെ അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോൺ മാഫിയയുടെ ഭീഷണിയെ കുറിച്ച് കോളേജ് അധികൃതര്‍ കുടുംബത്തെ അറിയിച്ചില്ലെന്നും നിതിന്‍റെ അച്ഛന്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam