നിയമസഭ കയ്യാങ്കളിക്കേസിൽ സര്‍ക്കാരിന് തിരിച്ചടി; ഇപി ജയരാജനും കെടി ജലീലും നേരിട്ട് ഹാജരാകണം

By Web TeamFirst Published Oct 27, 2020, 1:35 PM IST
Highlights

വിചാരണ കോടതി നിര്‍ദ്ദേശം തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കേസാണ് ഇരുവര്‍ക്കും എതിരെ ഉള്ളത് 

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രിമാര്‍ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലുമാണ് നാളെ വിചാരണക്കോടതിയിൽ എത്തേണ്ടത്. മന്ത്രിമാർ ഹാജരാകണം എന്ന വിചാരണക്കോടതി നിർദേശം സ്റ്റേ ചെയ്യണം എന്ന സർക്കാർ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിൽ ഇടപെടാനാകില്ലെന്നായിരുന്നു കോടതി നിലപാട്. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കേസാണ് ഇരുവര്‍ക്കും എതിരെ ഉള്ളത്. 

നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കാനാവില്ലെന്ന വിചാരണക്കോടതി ഉത്തരവിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.

തുടര്‍ന്ന് വായിക്കാം: നിയമസഭ കയ്യാങ്കളികേസ്; അഭിഭാഷകയെ സ്ഥലം മാറ്റി ഉത്തരവ്, പ്രതികാര നടപടിയെന്ന് ആക്ഷേപം...

2015 ൽ കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ കയ്യാങ്കളിയിൽ രണ്ടരലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നായിരുന്നു കേസ്.  മന്ത്രിമാരായ ഇപി ജയരാജൻ കെടി ജലീൽ , വി.ശിവൻകുട്ടി അടക്കം ആറ് ഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍.

click me!