തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ കൈകാര്യം ചെയ്യാനുള്ള  തിരുവനന്തപുരത്തെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കസേരയിൽ ആളില്ല. തിരുവനന്തപുരത്തെ ഡിഡിപിയായിരുന്ന ബീനാ സതീശിനെ ആലപ്പുഴയിലേക്ക് മാറ്റിയെങ്കിലും പകരം നിയമനം നൽകിയിട്ടില്ല. നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവിനെ ശക്തമായി പിന്തുണച്ചില്ലെന്ന പരാതിയിലാണ് ബീനാ സതീശിനെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയത്. 

കേസിലെ പ്രതിയായ മുൻ എംഎൽഎ വി ശിവൻകുട്ടി ബീനയ്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയായിരുന്നു സ്ഥലം മാറ്റം. വിരമിക്കാൻ  ഏഴ് മാസം മാത്രം  ബാക്കിനിൽക്കെ, സാധാരണ കീഴ്‍വഴക്കങ്ങളെല്ലാം ലംഘിച്ചായിരുന്നു ബീനയ്ക്കെതിരായ നടപടി. ബീനയ്ക്ക് പകരം എറണാകുളത്തെ  ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ തിരുവനന്തപുരത്തേക്ക് മാറ്റാനായിരുന്നു ആഭ്യന്തരവകുപ്പിൻറെ ശുപാർശ.  

പക്ഷെ തിരുവനന്തപുരത്തേക്ക് പോകാൻ എറണാകുളത്തെ അഭിഭാഷകൻ വിമുഖത അറിയിച്ചതോടെ തിരുവന്തപുരത്തെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പദവി ഒഴിച്ചിട്ട്, സ്ഥലമാറ്റം തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയി. ബീനയെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയിട്ടും തിരുവനന്തപുരത്ത് ഇനിയും പകരം നിയമനമായിട്ടില്ല. അസിസ്റ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനിൽകുമാറിന് ചുമതല നൽകി ഓഫീസ് ഒഴിയാനാണ് ബീനാ സതീശിന് സർക്കാർ നൽകിയ നിർദ്ദേശം. 

കയ്യാങ്കളി കേസില്‍ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ജയിൽ കുമാറാകും സർക്കാരിന് വേണ്ടി ഹാജരാകുക. പൊലീസ് ആസ്ഥാനത്തെ ഇ-മെയിൽ  ചോർത്തിയ കേസും, നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള ഉത്തരവും  നിലനിൽക്കില്ലെന്ന് ഡിഡിപി സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കയ്യാങ്കളി കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതികളായ ഇടതുനേതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനും ബീനാ സതീശുമായി കോടതി മുറിയിൽ തർക്കവുമുണ്ടായി.

സർക്കാർ ഉത്തരവ് കോടതി തള്ളിയതോടെ  പ്രതികളായ നാല് നേതാക്കള്‍ക്ക് കോടതിയിൽ ഹാജരായി പണം കെട്ടിവച്ച് ജാമ്യമെടുക്കേണ്ടിവന്നു. ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകാൻ പ്രോസിക്യൂഷൻ ഇടപെട്ടില്ലെന്നും ഇടതുനേതാക്കള്‍ക്ക് പരാതിയുണ്ട്. മാത്രമല്ല പിഎസ്സി ക്രമക്കേട് കേസിൽ പ്രതികളായ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കള്‍ പ്രതികളായ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാനുള്ള ഉത്തരവുകള്‍ ബീനാ സതീശ് കോടതിയിൽ നൽകാൻ വിസമ്മതിച്ചു. ഇതെല്ലാമാണ് ഒടുവിൽ അസാസാധാരണമായ സ്ഥലം മാറ്റത്തിലേക്ക് വഴിവെച്ചത്.