
ദില്ലി: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടുത്തതിൽ അന്വേഷണം ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എംപി കേന്ദ്രസർക്കാരിന് കത്തയച്ചു. പ്രധാമന്ത്രി, അഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി എന്നിവർക്കാണ് പ്രേമചന്ദ്രൻ കത്തയച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന എൻഐഎ അന്വേഷണത്തിൻ്റെ പരിധിയിലേക്ക് സെക്രട്ടേറിയറ്റിൽ തീപിടുത്തവും ഉൾപ്പെടുത്തണം എന്നാണ് പ്രേമചന്ദ്രൻ്റെ ആവശ്യം.
സെക്രട്ടേറിയറ്റിലെ തീപിടുത്തതിലൂടെ തെളിവ് നശിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ഹരി കൃഷ്ണൻ, മുൻ പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ ഹഖ് എന്നിവരിലേക്ക് അന്വേഷണം നീളുന്നതിനിടെ ആണ് തീപിടുത്തമുണ്ടായത്. തീപിടുത്ത സമയത്ത് സെക്ഷനിൽ ആരും ഉണ്ടായില്ല എന്നത് ദുരുഹമാണ്.
കെ.ടി.ജലീലിനെ ന്യായികരിക്കാൻ ഉള്ള വിടുപണി മാത്രമാണ് നിയമസഭ യിലെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി ചെയ്തത്. നിയമസഭയിലെ അവിശ്വാസപ്രമേയത്തിൽ പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടിയൊന്നും മുഖ്യമന്ത്രി നൽകിയില്ല. ഏകഛത്രപതിയാണ് പിണറായി. മുന്നണിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് മുഖ്യമന്ത്രി.
സ്വർണക്കടത്ത് വിവാദത്തിൽ സിപിഐ പോലും മുഖ്യമന്ത്രിയെ ന്യായികരിക്കാൻ രംഗത്തു എത്തിയില്ല. സംസ്ഥാന പാർട്ടിയുടെ ചിലവിൽ കഴിയുന്ന സിപിഎം കേന്ദ്ര നേതൃത്വവും ഈ സാഹചര്യത്തിൽ നിസ്സഹായരാണെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam