
കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുമായി (No 18 Hotel) ബന്ധപ്പെട്ട പോക്സോ കേസില്‍ (POCSO Case) അറസ്റ്റിലായ ഒന്നാം പ്രതി റോയ് വയലാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ രക്തസമ്മർദം ഉയരുകയായിരുന്നു.
അതിനിടെ, കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചൻ പൊലീസില്‍ കീഴടങ്ങി. കൊച്ചി മെട്രോ സ്റ്റേഷനിലാണ് സൈജു തങ്കച്ചൻ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ ഹോട്ടൽ ഉടമ റോയി വയലാട്ട് ഇന്നലെയാണ് കീഴടങ്ങിയത്. ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നിരസിച്ചതിന് പിന്നാലെയാണ് കീഴടങ്ങല്‍. സൈജു തങ്കച്ചനും, റോയ് വയലാട്ടിനുമെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഡിജിപി വി യു കുര്യക്കോസ് പറഞ്ഞു. സൈജുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
അതേസമയം,, കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസയച്ചു. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകണം എന്നാണമ് നിര്‍ദ്ദേശം. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അഞ്ജലി ഇത് വരെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.
ഇതിനിടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജലി റിമാ ദേവ് വീണ്ടും രംഗത്തെത്തിയിരുന്നു. ചില രാഷ്ട്രീയക്കാർ ഉൾപ്പെടെ ആറുപേർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാറ്റിനെ കുടുക്കാൻ തന്‍റെ പേര് മനപൂർവം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് പറയുന്നു.
പീഡന പരാതി ഇങ്ങനെ
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകി.
റോയ് വയലാട്ടിന്‍റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാർ മൊഴി നൽകി. കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ റോയ് വയലാട്ട് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടെയിലാണ് പുതിയ കേസ്. റോയ് വയലാട്ട് മറ്റ് പെൺകുട്ടികളെ സമാനമായ രീതിയിൽ ഉപദ്രവിച്ചതിന് ചില തെളിവുകളുണ്ടെന്നും കൂടുതൽ പരാതികൾ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് വ്യക്തമാക്കി.