
കൊച്ചി: ഫോർട്ടുകൊച്ചി (Fort Kochi) നമ്പർ 18 ഹോട്ടലുമായി (No. 18 Hotel) ബന്ധപ്പെട്ട പോക്സോ കേസിലെ (Pocso) പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടരുന്നു. ഹോട്ടലുടമ റോയി വയലാട്ടിൽ (Roy Vayalattil) , ഇയാളുടെ സുഹൃത്തായ സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തളളിയിരുന്നു. തൊട്ടുപിന്നാലെ ഇരുവരുടെയും താമസസ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോണുകളും പ്രവർത്തിക്കുന്നില്ല. ഇരുവരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ റോയി വയലാട്ടിലിനെയും സൈജു തങ്കച്ചനേയും കസ്റ്റഡിയിലെടുക്കാൻ പൊലീസ് നടപടി തുടങ്ങിയിരുന്നു.
പ്രത്യേക സിറ്റിങ് നടത്തി വാദം കേട്ട ഹൈക്കോടതി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കമുളളവ പരിശോധിച്ചു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്. ഇതിനിടെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജലി റിമാ ദേവ് വീണ്ടും രംഗത്തെത്തിയത്. ചില രാഷ്ട്രീയക്കാർ ഉൾപ്പെടെ ആറുപേർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാറ്റിനെ കുടുക്കാൻ തന്‍റെ പേര് മനപൂർവം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് പറയുന്നു.