ബാറുകളുടെ സമയം വർദ്ധിപ്പിച്ചത് ഉൾപ്പെടെയുള്ള പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കെസിബിസി രംഗത്ത്. ഇതൊരു തിരഞ്ഞെടുപ്പ് ഡീൽ ആണെന്ന് സംശയിക്കുന്നതായും നടപടി പിൻവലിക്കണമെന്നും മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. 

കൊച്ചി: ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചത് ഉള്‍പ്പെടെയുള്ള മദ്യ നയ മാറ്റത്തിൽ സർക്കാരിനെതിരെ കെസിബിസി. മിന്നൽ വേഗത്തിലുള്ള നയം മാറ്റം തെരഞ്ഞെടുപ്പ് ഡീൽ എന്ന സംശയിക്കുന്നുവെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി വിമർശിച്ചു. ബാറുകളുടെ സമയം വർദ്ധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

മുന്നണിയിലും മന്ത്രിസഭയിലും പോലും കൂടിയാലോചിക്കാതെ അബ്കാരി പ്രീണന നയം സ്വീകരിച്ചവര്‍ 'മദ്യം അത് പാമ്പിനെപ്പോലെ കൊത്തുകയും, അണലിയെപ്പോലെ കടിക്കുകയും ചെയ്യുമെന്ന' ബൈബിള്‍ വാക്യം ഓര്‍മ്മയില്‍ വയ്ക്കുന്നത് ഉചിതമായിരിക്കുമെന്ന് കെസിബിസി ഓർമിപ്പിക്കുന്നു. മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയ കേരളത്തെ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും സമയം വര്‍ദ്ധിപ്പിച്ചും സാധാരണ ജനങ്ങളെ വേട്ടയാടരുത്. വിനോദസഞ്ചാരികളുടെ മറവില്‍ മദ്യവില്പന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട. വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് നാട്ടിലെ 'ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല' പ്രകൃതിഭംഗി ആസ്വദിക്കാനാണ്. മദ്യത്തിന്റെ ലഭ്യതക്കുറവുകൊണ്ടല്ല വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. മറിച്ച് മയക്കുമരുന്നുപയോഗരുടെയും മദ്യപാനികളുടെയും തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും കടന്നാക്രമണം ഭയന്നാണെന്നും മദ്യവിരുദ്ധ സമിതി അഭിപ്രായപ്പെട്ടു.

മദ്യപിച്ചും മയക്കുമരുന്നുകള്‍ കഴിച്ചും ഭ്രാന്തന്‍മാരെപ്പോലെ നമ്മുടെ പൊതുജനം അക്രമകാരികളാകും. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേരള കത്തോലിക്കാ സഭ മാര്‍ച്ച് 8ന് മദ്യലഹരി വിരുദ്ധ ഞായര്‍ ആചരിക്കും. സീറോ മലബാര്‍-ലത്തീന്‍-മലങ്കര റീത്തുകളിലെ പള്ളികളില്‍ സഭയുടെ സര്‍ക്കുലര്‍ വായിക്കുകയും വിവിധ പരിപാടികളോടെ ആചരണം നടത്തുകയും ചെയ്യുമെന്നും കെസിബിസി അറിയിച്ചു.