'അടഞ്ഞ അധ്യായം', മിശ്രവിവാഹം ചെയ്തതിന് ഷിജിനെതിരെ പാർട്ടി നടപടിയുണ്ടാകില്ല

By Web TeamFirst Published Apr 13, 2022, 8:45 PM IST
Highlights

നാവിന്‍റെ പിഴവ് മനസ്സിന്‍റെ കുറ്റമല്ല. വിഷയത്തിൽ തന്‍റെ വിശദീകരണത്തിൽ ചില പിഴവുകളുണ്ടായിട്ടുണ്ട്. കോടഞ്ചേരി അങ്ങാടിയിൽ നടന്ന പാർട്ടി വിശദീകരണയോഗത്തിൽ തെറ്റ് ഏറ്റുപറഞ്ഞ് മുൻ എംഎൽഎ ജോർജ് എം തോമസ്. 

കോഴിക്കോട്: മിശ്രവിവാഹം ചെയ്തതിന് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവും പാർട്ടി ലോക്കൽ കമ്മറ്റി അംഗവുമായ ഷിജിനെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പായി. എല്ലാം അടഞ്ഞ അധ്യായമാണെന്നും, സംഘപരിവാർ ഇക്കാര്യത്തിൽ മുതലെടുപ്പ് നടത്താൻ ശ്രമിച്ചെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ കോടഞ്ചേരിയിൽ നടത്തിയ വിശദീകരണയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

'മനസ്സാ വാചാ കർമ്മണാ' താനറിയാത്ത കാര്യത്തിന്‍റെ സംഘാടനം താനാണെന്ന രീതിയിൽ പ്രചാരണമുണ്ടായെന്ന് വിശദീകരണയോഗത്തിൽ മുൻ എംഎൽഎ ജോർജ് എം തോമസ് പറഞ്ഞു. വിഷയത്തിൽ തന്‍റെ വിശദീകരണത്തിൽ ചില പിഴവുകളുണ്ടായിട്ടുണ്ടെന്ന് ഏറ്റുപറഞ്ഞ ജോർജ് എം തോമസ്, നാവിന്‍റെ പിഴവ് മനസ്സിന്‍റെ കുറ്റമല്ലെന്നും തെറ്റ് പറ്റിയതാണെന്നും പറഞ്ഞു. 

എന്നാൽ, ജോർജ് എം തോമസിന് നയവ്യതിയാനം ഉണ്ടായെന്നും, അക്കാര്യം അദ്ദേഹം അറിയിച്ചപ്പോൾ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് കൂടിയാലോചിച്ച് പാർട്ടിയുടെ നയം വ്യക്തമാക്കുകയാണ് ഉണ്ടായതെന്നും പി മോഹനൻ പറഞ്ഞു. ഇക്കാര്യത്തിൽ ഇനി മറ്റ് പ്രശ്നങ്ങൾ ഉണ്ടാകില്ല. ലൗ ജിഹാദ് ആർഎസ്എസ് അജണ്ടയാണെന്ന് ആവർത്തിച്ച് പാർട്ടി വ്യക്തമാക്കുന്നുവെന്നും ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്നതാണെന്നും പി മോഹനൻ ആവർത്തിച്ചു.  

അതേസമയം, ഷിജിൻ ആരോടും കാര്യങ്ങൾ പറയാതിരുന്നതിന് പകരം, കാര്യങ്ങൾ പറഞ്ഞ് പോകാമായിരുന്നുവെന്ന് പി മോഹനൻ പറഞ്ഞു. പെൺകുട്ടിയുടെ അനുവാദം ഇല്ലാതെയായിരുന്നു അവരെ കൊണ്ടുപോയിരുന്നതെങ്കിൽ, പെൺകുട്ടിക്കും അവരുടെ കുടുംബത്തിനും ഒപ്പം തന്നെയാണ് പാർട്ടി നിലകൊള്ളുക. ആദ്യമൊക്കെ അത്തരം പ്രചാരണമാണ് നടന്നത്. 

എന്നാൽ ഈ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ചില സംഘപരിവാറുകാർ വന്നത് ആട്ടിൻകുട്ടിയെ ചെന്നായ്ക്കൾ സംരക്ഷിക്കാനെത്തിയത് പോലെയാണെന്നും മോഹനൻ പറഞ്ഞു. 

പെൺകുട്ടിയുടെ കുടുംബത്തിന്‍റെ വേവലാതി പാർട്ടി മനസ്സിലാക്കുന്നുവെന്നും, പ്രശ്നപരിഹാരത്തിനായി മതമേലധ്യക്ഷൻമാരുമായി അടക്കം സംസാരിച്ചിട്ടുണ്ടെന്നും, പി മോഹനൻ വിശദീകരണയോഗത്തിന് ശേഷം വ്യക്തമാക്കി. കുടുംബം കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ ആശങ്കകൾ ഇല്ലാതാകും. ഈ വിവാദം ഇവിടെ അവസാനിച്ചുവെന്നും, സംഘപരിവാറുകാർക്ക് മറ്റ് ജോലികളൊന്നും ഇല്ലാത്തതുകൊണ്ടാണ് മുതലെടുപ്പ് തുടരുന്നതെന്നും പി മോഹനൻ പരിഹസിച്ചു. 

കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവും മുസ്ലിം വിഭാഗക്കാരനുമായ ഷെജിനും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുളള ജോയ്‍സ്നയും തമ്മിലുളള പ്രണയവും വിവാഹവും വിവാദമായ പശ്ചാത്തലത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ്ജ് എം തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ പരാമര്‍ശമായിരുന്നു വന്‍ വിവാദത്തിന് തിരി കൊളുത്തിയത്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ ഷിജിൻ ഈ പ്രണയവും വിവാഹവും പാർട്ടിയെ അറിയിക്കുകയോ പാർട്ടിയിൽ ചർച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും, ഇത് സമുദായ മൈത്രി തകർക്കുന്ന പ്രവൃത്തിയാണെന്നും, ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നുമായിരുന്നു ജോർജ് എം തോമസ് പറഞ്ഞത്. ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ജോർജ് എം തോമസ് പറഞ്ഞു. 

click me!