ലക്കിടിയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലത്ത് തോട് കയ്യേറി പാലം; നോട്ടീസ് നല്‍കിയിട്ടും പൊളിച്ചുമാറ്റിയില്ല

Published : Mar 28, 2022, 03:28 PM ISTUpdated : Mar 28, 2022, 03:44 PM IST
ലക്കിടിയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലത്ത് തോട് കയ്യേറി പാലം; നോട്ടീസ് നല്‍കിയിട്ടും പൊളിച്ചുമാറ്റിയില്ല

Synopsis

തോട് കയ്യേറി സ്വകാര്യവ്യക്തി അനധികൃതമായി നിർമ്മിച്ച പാലം പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിട്ടും നടപടിയില്ല

വയനാട്: തോട് കയ്യേറി സ്വകാര്യവ്യക്തി അനധികൃതമായി നിർമ്മിച്ച പാലം പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിട്ടും നടപടിയില്ല. വയനാട് (Wayanad) ലക്കിടിയിൽ ഉരുൾ പൊട്ടൽ ഭീഷണിയുള്ള സ്ഥലത്താണ് തോട് കൈയ്യേറി പാലം നിർമ്മിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി ഹൈ ഹസാർ‍ഡ് സോണിൽ ഉൾപ്പെടുത്തിയ ലക്കിടിയിലെ അനധികൃത പാലം നിർമാണം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഇതിന് പിന്നാലെ വൈത്തിരി പഞ്ചായത്ത് സെക്രട്ടറി തോട് കൈയ്യേറി നിർമ്മിച്ച പാലം പൊളിച്ചു നീക്കണമെന്ന് ഒരു മാസം മുൻപ് സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നൽകി. 

എന്നാൽ പാലം പൊളിച്ച് നീക്കാതെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. ഇരുമ്പ് കമ്പി ഉപയോഗിച്ച് താത്ക്കാലിക പാലം നിർമ്മിക്കാൻ പഞ്ചായത്ത് നൽകിയ അനുമതിയുടെ മറവിലായിരുന്നു കോണ്‍ക്രീറ്റ് പാലത്തിന്‍റെ നിർമ്മാണം. പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസിന് പുല്ലുവില കൽപ്പിച്ച സ്വകാര്യ വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. വൈത്തിരി പഞ്ചായത്തിൽ കെട്ടിട നിർമാണത്തിന് വ്യാജ കെ.എൽ.ആ‍ർ സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം നേരിടുന്ന അബ്ദുൽ സത്താറും സംഘവുമാണ് പാലം പണിയുന്നത്.  വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ഇവർക്കുണ്ട്.

  • കിഫ്ബി ഫണ്ടില്‍ നിര്‍മിച്ച സ്കൂള്‍ കെട്ടിടം പൊളിക്കുന്നു; പണിതത് 3.75 കോടി മുടക്കി

തൃശ്ശൂര്‍: തൃശ്ശൂര്‍ (Thrissur)  ചെമ്പൂച്ചിറയില്‍ കിഫ്ബി (KIIFB) ഫണ്ട് ഉപയോഗിച്ച് ഒന്നരവര്‍ഷം മുമ്പ് പണിത സ്കൂൾ പൊളിക്കുന്നു. കെട്ടിടത്തിന്‍റെ ബലക്ഷയത്തെ തുടര്‍ന്നാണ് കെട്ടിടത്തിന്‍റെ രണ്ടാം നില പൂര്‍ണ്ണമായി പൊളിച്ചു നീക്കുന്നത്. നിർമ്മാണത്തിലെ ക്രമക്കേട് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടു വന്നത്. മുൻ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്‍റെ പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച് ഉദ്ഘാടനത്തിന് തയ്യാറായിരുന്ന സ്‌കൂൾ കെട്ടിടമാണിത്. 

ഒന്നുതൊട്ടാല്‍ കയ്യില്‍ അടര്‍ന്നുവരുന്ന ചുമരുകളും ബീമുകളും ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നതോടെ സര്‍ക്കാര്‍ പ്രാഥമിക പരിശോധന നടത്തി. ബലക്ഷയമില്ലെന്നും പ്ലാസ്റ്ററിംഗില്‍ മാത്രമാണ് പോരായ്മയെന്നുമായിരുന്നു അന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. ഇടയ്ക്ക് പെയ്ത മഴയില്‍ പുത്തൻ കെട്ടിടത്തിലെ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കാൻ തുടങ്ങിയതോടെ രക്ഷിതാക്കള്‍ വിജിലൻസിനെ സമീപിച്ചു. തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു പണിയാൻ തീരുമാനമായത്. രണ്ടാം നിലയുടെ മേല്‍ക്കൂര പൂര്‍ണ്ണമായി പൊളിച്ചു നീക്കി. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കിഫ്ബി പദ്ധതിയില്‍ സ്കൂള് കെട്ടിടങ്ങളുടെ നവീകരണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. നിര്‍മ്മാണത്തിലെ ക്രമക്കേട് മൂലം സംഭവിച്ചിരിക്കുന്നത് കോടികളുടെ നഷ്ടമാണ്.  കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുളള ക്രമക്കേട്  നടത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി