
കേരളത്തിലെ സമീപകാല പ്രളയങ്ങൾ (Kerala Flood) പഠിച്ച വിദഗ്ധ സമിതികൾ സർക്കാരിന് നൽകിയ നിർദേശങ്ങൾ മിക്കതും ഇപ്പോഴും കടലാസ്സിൽ. കാലാവസ്ഥ (Weather) അടിമുടി മാറിക്കഴിഞ്ഞിട്ടും കൃത്യ സമയത് ജനങ്ങൾക്ക് മുന്നറിയിപ്പ് (Weather Warning) നൽകാനുള്ള സംവിധാനങ്ങൾപ്പോലും കേരളത്തിൽ ഇല്ല.
തീരങ്ങൾ പൊടുന്നനെ കടലെടുക്കുന്നു, മലയോരങ്ങളിൽ ഓർക്കാപ്പുറത്ത് ഉരുൾപൊട്ടുന്നു. താഴ്ന്നപ്രദേശങ്ങൾ എല്ലാ വർഷവും വെള്ളത്തിൽ മുങ്ങുന്നു. വരും നാളുകളിൽ അതിരൂക്ഷമാകാൻ പോകുന്ന ഈ കാലാവസ്ഥ മാറ്റത്തെ നേരിടാൻ നമ്മുടെ സർക്കാർ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നതാണ് സത്യം.
2018 ലെ പ്രളയത്തിന് ശേഷം കേരളത്തിലെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചു പഠിച്ചത് ഒട്ടേറെ വിദഗ്ധ സമിതികളാണ്. രാജ്യത്തെ വിവിധ മേഖലകളിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സർക്കാർ തെന്നെ പത്തംഗ സമിതിയെ പഠനത്തിന് നിയോഗിച്ചിരുന്നു. എല്ലാ പ്രളയ മേഖലകളും സന്ദർശിച്ച സംഘം ഒട്ടേറെ ശുപാർശയുമായി സമഗ്ര റിപ്പോർട്ട് സർക്കാരിന് കൈമാറി.
നിയമസഭാ പരിസ്ഥിതി സമിതി വിശദമായ പഠനത്തിന് ശേഷം വിദഗ്ധരുടെയടക്കം സഹായത്തോടെ തയാറാക്കിയ റിപ്പോർട്ടും സർക്കാരിന് മുന്നിലെത്തി. കൂടാതെ അന്താരാഷ്ട്രനിലവാരമുള്ള വിവിധ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് നടത്തിയ പഠനങ്ങളും. പക്ഷെ എല്ലാ റിപ്പോർട്ടുകളും കടലാസുകളായി അവസാനിച്ചു.
സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം കേരളത്തിന്റെ കാലാവസ്ഥ അടിമുടി മാറിക്കഴിഞ്ഞിട്ടും കൃത്യസമയത്ത് ജനങ്ങൾക്ക് മതിയായ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനംപോലും കേരളത്തിനില്ലെന്ന് അടുത്തിടെ വന്ന സിഎജി റിപ്പോർട്ട് പറയുന്നു. റിപ്പോർട്ടിനെ രാഷ്ട്രീയ വിവാദമാക്കി സർക്കാർ തള്ളിക്കളഞ്ഞെങ്കിലും സിഎജിയുടെ കണ്ടെത്തലുകൾ പലതും സത്യമായി നിൽക്കുന്നു.
ഓഡിറ്റിൽ തെളിഞ്ഞ ഗുരുതര വീഴ്ചകൾ ഇങ്ങനെ...
ഇതിൽ പലതും കേന്ദ്രസർക്കാർ പരിഹരിക്കേണ്ട പ്രശ്നങ്ങളാണ് എന്ന് പറഞ്ഞൊഴിയുകയാണ് സംസ്ഥാനം. എന്നാൽ കേരളം പലതും ചെയ്യേണ്ടതുണ്ടെന്ന് ആവർത്തിക്കുകയാണ് ഈ മേഖലയിലെ വിദഗ്ധർ. മഴ പെയ്യുകയോ പെയ്യാതിരിക്കുകയോ ചെയ്തേക്കാം എന്ന നിലയ്ക്കുള്ള ഒഴുക്കൻ പ്രവചനങ്ങൾ അല്ല ഇനിയുള്ള കാലത്ത് നമുക്ക് വേണ്ടത്. ഡാമുകളുടെ പരിസരത്തുളളവർ ജാഗ്രത പാലിക്കണമെന്ന മൈക്ക് അനൗണ്സ്മെന്റും അല്ല. സമഗ്രവും ഭാവി മുന്നിൽകണ്ടുള്ളതുമായ കൃത്യമായ നയവും പദ്ധതികളുമാണ് വേണ്ടത്.