
കൊല്ലം: കോടതി തീർപ്പാക്കിയ കേസിൽ അർദ്ധരാത്രി വാറണ്ടുമായെത്തി ഗൃഹനാഥനെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ അന്വേഷണം ഇഴയുന്നു. ചാത്തന്നൂർ പൊലീസിനെതിരെ പള്ളിമൺ സ്വദേശി അജി പരാതി നൽകി നാല് ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. പരാതിക്കാരന്റെയും കുടുംബത്തിന്റെയും മൊഴിയെടുപ്പ് പോലും നടന്നിട്ടില്ല. പരാതി പരിശോധിക്കുകയാണെന്നാണ് പൊലീസിന്റെ മറുപടി
അർദ്ധരാത്രി പൊലീസ് വീട്ടിൽ കയറി അജിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഡിജിപിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടും അന്വേഷണം ഇഴയുകയാണ്. ചാത്തന്നൂർ സിഐയും സംഘവും നടത്തിയ അതിക്രമത്തിന്‍റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നും കുറ്റക്കാർക്ക് ശിക്ഷ കിട്ടും വരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അജി കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊല്ലം പള്ളിമൺ സ്വദേശി അജിയുടെ വീട്ടിലാണ് നാല് ദിവസം മുമ്പ് രാത്രി ചാത്തന്നൂർ സിഐയും സംഘവും എത്തിയത്. എസ്എച്ച്ഒ അനൂപ് ഉള്‍പ്പെടെ അഞ്ചോളം പൊലീസുകാരാണ് മതിൽ ചാടി അകത്തേക്ക് കയറിയത്. പെട്ടെന്ന് വാതിൽ തുറക്കാൻ പറഞ്ഞു. ആക്രോശിച്ചുകൊണ്ട് അകത്തേക്ക് കയറി. കിടക്കുകയായിരുന്ന താൻ എഴുന്നേൽക്കുന്നതിന് മുമ്പ് പിടിച്ചുവലിച്ചിഴച്ചുവെന്ന് അജി പറഞ്ഞു. വസ്ത്രം പോലും മാറ്റാൻ സമയം കൊടുത്തില്ല.
പെണ്‍കുട്ടികളും ഭാര്യയും നിലവിളിച്ചിട്ടും യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് അതിക്രമം നടത്തുകയായിരുന്നു. പൊലീസ് വീട്ടിൽ കയറുന്നതും അജിയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു. വസ്ത്രമൊന്നും മാറണ്ടെന്നും വന്നില്ലെങ്കിൽ ഇടിച്ചിട്ട് കൊണ്ടുപോകുമെന്നും പൊലീസ് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഏറെ നേരം അപേക്ഷിച്ച ശേഷമാണ് അജിയെ ഷര്‍ട്ട് ധരിക്കാൻ പോലും പൊലീസുകാര്‍ അനുവദിച്ചത്.
തന്‍റെ പേരിൽ കേസില്ലെന്ന് പറഞ്ഞിട്ടും വീട്ടിൽ കയറി പൊലീസ് അതിക്രമം നടത്തിയെന്നാണ് അജിയുടെ പരാതി. അർദ്ധരാത്രി 12 മണിയ്ക്ക് കസ്റ്റഡിയിലെടുത്ത അജിയെ പുലർച്ചെ മൂന്നു മണിയോടെ പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു. അതേസമയം, കേസ് അവസാനിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നും വാറണ്ട് നിലവിൽ ഉണ്ടായിരുന്നെന്നുമാണ് ചാത്തന്നൂർ പൊലീസിന്‍റെ വിശദീകരണം.
അജിയും മറ്റൊരാളും തമ്മിൽ കടമുറിയുടെ വാടക തര്‍ക്കവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു കേസ് നിലവിലുണ്ടായിരുന്നു. അത് കോടതിയിലേക്കും എത്തിയിരുന്നതാണ്. എന്നാൽ, അത് ജനുവരിയിൽ ഇരുകക്ഷികളും തമ്മിൽ ഒത്തുതീര്‍പ്പായിരുന്നു. കോടതി തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പൊലീസിന്‍റെ അതിക്രമമെന്നാണ് പരാതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam