ആരോഗ്യ സംവിധാനങ്ങളുടെ അനാസ്ഥയുടെ ഇര, ചികിത്സ കിട്ടാതെ മരണം, വേണുവിന്‍റെ കുടുംബത്തിന് ഇന്നും നീതി അകലെ

Published : Feb 23, 2026, 10:03 AM IST
venu

Synopsis

കൊല്ലം പൻമന സ്വദേശി വേണു ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച സംഭവത്തിൽ കുടുംബത്തിന് ഇനിയും നീതി ലഭിച്ചില്ല. ആരോഗ്യവകുപ്പ് അന്വേഷണത്തിൽ വിവിധ ആശുപത്രികളിൽ വീഴ്ച കണ്ടെത്തിയെങ്കിലും ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല. 

കൊല്ലം: ആരോഗ്യ സംവിധാനങ്ങളുടെ അനാസ്ഥയെ തുടര്‍ന്ന് മരിച്ച കൊല്ലം പന്‍മന സ്വദേശി വേണുവിന്‍റെ കുടുംബത്തിന് ഇന്നും നീതി അകലെ. ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വേണുവിന് ചികിത്സ നല്‍കുന്നതിലുണ്ടായ കാലതാമസം അക്കമിട്ട് നിരത്തിയെങ്കിലും ആര്‍ക്കുമെതിരെയും നടപടി എടുത്തില്ല. ആരും സഹായത്തിനില്ലെന്നും രണ്ട് പെണ്‍മക്കളും താനും അനാഥരായെന്നും വേണുവിന്‍റെ ഭാര്യ സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2025 നവംബര്‍ അഞ്ചിനാണ് പന്‍മന സ്വദേശിയായ വേണു മരിച്ചത്. അടിയന്തര ആന്‍ജിയോഗ്രമിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വേണു, 5 ദിവസം ആശുപത്രിയില്‍ കിടന്ന് ചികിത്സ കിട്ടാതെ മരിച്ചെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് മരണക്കിടക്കയില്‍ വെച്ച് വേണു സുഹൃത്തിനും ബന്ധുവിനും അയച്ച ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.

നിയമ പോരാട്ടത്തിന് ഇറങ്ങി സിന്ധു 

വേണുവിന്‍റെ ഭാര്യ സിന്ധു മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കി നിയമ പോരാട്ടത്തിന് ഇറങ്ങി. ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ വേണുവിനെ ആദ്യം പ്രവേശിപ്പിച്ച ചവറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം, കൊല്ലം ജില്ലാ ആശുപത്രി, ഒടുവില്‍ എത്തിച്ച മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ വീഴ്ചകള്‍ ഉണ്ടായതായി കണ്ടെത്തി. പക്ഷേ ആര്‍ക്കെതിരെയും നടപടി ഉണ്ടായില്ല. വിശദമായ അന്വേഷണത്തിന് ഹൈ ലെവല്‍ എന്‍ക്വയറി കമ്മിറ്റിയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെയും ഒരു നടപടിയുമുണ്ടായില്ല. എത്രനാള്‍ ഇങ്ങനെ കാത്തിരിക്കണമെന്ന് വേണുവിന്‍റെ ഭാര്യ സിന്ധു ചോദിക്കുന്നു.

വേണുവിന്‍റെ മരണത്തോടെ ആശ്രയമറ്റ കുടുംബം, സ്കൂളിലെ ജോലിയില്‍ നിന്ന് സിന്ധുവിന് ലഭിക്കുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. രണ്ട് പെണ്‍മക്കളുടെ പഠനവും വീട്ടുചെലവും മുന്നോട്ട് പോകാൻ ഏറെ പ്രയാസപ്പെടുന്നു. സര്‍ക്കാരിന്‍റെ സഹായം പലവതവണ അഭ്യര്‍ത്ഥിച്ചെങ്കിലും കേട്ട ഭാവമില്ലെന്നും സിന്ധു പറയുന്നു. സാധാരണക്കാരന് വിലനല്‍കാത്ത സംവിധാനങ്ങളെ കൊണ്ട് മറുപടി പറയിക്കണം. വീണു പോയാല്‍ വേണുവിന് നീതി കിട്ടില്ലെന്ന ബോധ്യത്തിൽ തളരാതെ നീതിക്കായി പോരാടുകയാണ് സിന്ധു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഞങ്ങൾ കത്രിക വിഴുങ്ങിയ പോലെയാണ്, ഡോക്ടർക്കൊ നേഴ്സിനോ തെറ്റില്ല': ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിനെതിരെ ഉഷയുടെ മകൻ
തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം