1986-ൽ ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 വിമാനം നിഗൂഢമായി അപ്രത്യക്ഷമായതിനെക്കുറിച്ചുള്ള ഓർമ്മകൾ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ പങ്കുവെക്കുന്നു. തന്‍റെ പിതാവ് ഭാഗമായിരുന്ന ആ ദൗത്യത്തിൽ, അറബിക്കടലിന് മുകളിൽ കാണാതായ വിമാനത്തിന്‍റെ ദുരൂഹതയും കുടുംബങ്ങൾ അനുഭവിച്ച വേദനയും അദ്ദേഹം ഓർത്തെടുക്കുന്നു.
തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ 1986-ലെ എഎൻ-32 വിമാനാപകടത്തിന്‍റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. തന്‍റെ പിതാവും ഉൾപ്പെട്ടിരുന്ന ആ ദൗത്യത്തെക്കുറിച്ചും, ഒരു ദുരന്തവാർത്തയ്ക്കായി കാത്തുനിൽക്കേണ്ടി വന്ന കുടുംബങ്ങളുടെ നെഞ്ചുരുക്കുന്ന ആകുലതകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.
1986 മാർച്ചിലായിരുന്നു ഇന്ത്യൻ വ്യോമസേനയെ കണ്ണീരിലാഴ്ത്തിയ ആ സംഭവം നടന്നത്. സോവിയറ്റ് യൂണിയനിൽ (ഇന്നത്തെ യുക്രൈൻ) നിന്ന് പുതിയതായി വാങ്ങിയ മൂന്ന് എഎൻ-32 വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പിതാവ് ഉൾപ്പെടെയുള്ള വ്യോമസേനാ ഉദ്യോഗസ്ഥർ. ഒപ്പമുണ്ടായിരുന്ന വിമാനങ്ങളിലൊന്നിലായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ് സഞ്ചരിച്ചിരുന്നത്.
സോവിയറ്റ് യൂണിയനിൽ നിന്നും പുറപ്പെട്ട്, ഒമാനിലെ മസ്കറ്റിൽ എത്തി ഇന്ധനം നിറച്ച ശേഷമാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ ഡൽഹിയിലെ പാലം വ്യോമതാവളത്തിൽ രണ്ട് വിമാനങ്ങൾ മാത്രമാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഏഴ് വ്യോമസേനാംഗങ്ങളുമായി പറന്ന കെ- 2729 എന്ന വിമാനം അറബിക്കടലിന് മുകളിൽ വെച്ച് നിഗൂഢമായ സാഹചര്യത്തിൽ അപ്രത്യക്ഷമാവുകയായിരുന്നു. ആ കറുത്ത ദിനത്തിൽ പാലം വിമാനത്താവളത്തിൽ കാത്തുനിന്ന സ്വന്തം അനുഭവം രാജീവ് ചന്ദ്രശേഖർ പോസ്റ്റിൽ ഓർത്തെടുക്കുന്നുണ്ട്.
"ആ ഫെറി വിമാനങ്ങളെയും കാത്ത് പാലം വിമാനത്താവളത്തിൽ ഞങ്ങൾ നിന്നത് ഇന്നും എനിക്ക് ഓർമ്മയുണ്ട്. ഒരു വിമാനം കാണാതായെന്ന വാർത്ത പതുക്കെ പരന്നെങ്കിലും, ഏത് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നോ അതിലുണ്ടായിരുന്നത് ആരൊക്കെയാണെന്നോ ആർക്കും അറിയുമായിരുന്നില്ല. ആ സമയത്തുണ്ടായ അനിശ്ചിതത്വവും, ആകുലതയും, പ്രാർഥനകളാൽ നിറഞ്ഞ ആ നിമിഷങ്ങളും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു" - അദ്ദേഹം കുറിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യത്തെ എഎൻ-32 ദുരന്തമായിരുന്നു ഇത്. ലോകത്തെ ഏറ്റവും വലിയ വ്യോമദുരൂഹതകളിലൊന്നായ മലേഷ്യൻ എയർലൈൻസിന്‍റെ എം എച്ച് 370 വിമാനം പോലെ, ദശാബ്‍ദങ്ങൾ പിന്നിട്ടിട്ടും കെ -2729 വിമാനത്തിന് എന്ത് സംഭവിച്ചു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്. തന്‍റെ പിതാവ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.


