
തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള വി സി മുന്നോട്ട്. വിഷയത്തിൽ കോളേജുകൾക്ക് വിസി മോഹൻ കുന്നുമ്മൽ സർക്കുലർ അയച്ചിരിക്കുകയാണ്. പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണമെന്നും സര്‍ക്കുലറിലുണ്ട്. സത്യവാങ്മൂലം ലംഘിച്ച് കേസിൽ പ്രതികളായാൽ നടപടി എടുക്കാം. സത്യവാങ്മൂലത്തിൽ നാല് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനൽ കേസുകളിൽ പ്രതികളാണോ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിന് പെട്ടിട്ടുണ്ടോ? എന്നിവയാണവ. ഈ ചോദ്യങ്ങൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ മറുപടി നൽകണം. സർക്കുലർ ലംഘിച്ചാൽ നടപടി കോളേജ് കൗൺസിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറിൽ വ്യക്തമാക്കുന്നു.
അതേ സമയം, നടപടിയിൽ പ്രതിഷേധമറിയിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി. ചരിത്ര നിഷേധ ഉത്തരവുകൾ പൊതുജനങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ് ഐ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. വൈസ് ചാൻസലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി എസ് സഞ്ജീവ് പറഞ്ഞു.