
എപ്പോൾ എങ്ങോട്ട് തിരിയുമെന്ന് പ്രവചിക്കാനാവാത്ത വാഹനം ഏത്? ചോദിക്കുന്നത് കേരള പൊലീസാണ്. പൊതുവേ ഓട്ടോറിക്ഷകളെ കുറിച്ചാണ് ഇങ്ങനെ ഒരു കമന്‍റ് മിക്കവരും പറയാറുള്ളത്. കേരള പൊലീസ് ഉദ്ദേശിച്ചതും മറ്റാരെയുമല്ല. സാധാരണക്കാരുടെ വാഹനമായ ഓട്ടോ ഓടുന്ന ഡ്രൈവര്‍മാര്‍ക്കുള്ള മുന്നറിയിപ്പാണ് കേരള പൊലീസ് നൽകുന്നത്. മൂന്ന് വീലിൽ ഓടുന്നതിനാൽ പെട്ടെന്ന് തിരിക്കാവുന്ന വാഹനമാണ് ഓട്ടോറിക്ഷ.
എന്നാൽ അതേ പോലെ തന്നെ പെട്ടെന്ന് മറിയാനിടയുള്ള വാഹനവുമാണ്. കൂടാതെ ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു വലത്തേക്ക് തിരിയുക, നടുറോഡിൽ പെട്ടെന്ന് നിർത്തുക, ഇൻഡിക്കേറ്റർ ഇടാതെ, സിഗ്നൽ നൽകാതെ, പുറകിൽ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് വെട്ടിത്തിരിച്ച് അപ്രതീക്ഷിത യു-ടേൺ എടുക്കുക തുടങ്ങിയവ കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നു.
ദയവായി ഇൻഡിക്കേറ്ററുകൾക്കനുസരിച്ചു മാത്രം വാഹനം തിരിക്കുക. വാഹനം നിർത്തുന്നതിനു മുൻപ് റോഡിലെ മറ്റു വാഹനങ്ങൾക്ക് സിഗ്നൽ നൽകുക. യു ടേൺ എടുക്കുന്നതിന് മുൻപ് ഇൻഡിക്കേറ്റർ ഇട്ട് റോഡിൽ ഇടതുവശം ചേർന്ന് നിന്ന ശേഷം വണ്ടി വലത്തോട്ട് തിരിയാൻ പോകുകയാണ് എന്ന സിഗ്നൽ കാണിച്ച് പുറകിൽ നിന്ന് വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തി മാത്രം യു ടേൺ എടുക്കുക. ഓട്ടോക്കാർ എല്ലാവരും ഇങ്ങനെയല്ലെന്നും എന്നാല്‍ ചിലരങ്ങനെയുണ്ടെന്നും കേരള പൊലീസ് ചൂണ്ടിക്കാട്ടുന്നു.