പിതാവിനേയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച കേസ്, പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

By Web TeamFirst Published Sep 30, 2022, 2:54 PM IST
Highlights

വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളിൽ നിന്ന് ശബ്ദവും ദൃശ്യങ്ങളും ഉൾപ്പടെയുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിന് പ്രതികളുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനേയും മകളേയും മർദ്ദിച്ച കെ എസ് ആര്‍ ടി സി ജീവനക്കാർക്ക് മുൻകൂർ ജാമ്യമില്ല. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷ് കുമാര്‍, കണ്ടക്ടർ എൻ. അനിൽകുമാർ, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റൻ്റ് മിലിൻ ഡോറിച്ച് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മർദ്ദിച്ച പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തള്ളിയത്. 

ഒപ്പം തെളിവായി സമർപ്പിച്ച ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ പ്രതികളുടെ ശബ്ദ സാമ്പിള്‍ ശേഖരിക്കാൻ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. അക്രമം നടന്ന് 12 ദിവസമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല. ഒളിവിലുള്ള പ്രതികൾ കീഴടങ്ങിയേക്കുമെന്ന സൂചനയെ തുടർന്ന് കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം എത്തിയിരുന്നു. കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ തെരച്ചിൽ ശക്തമാക്കാൻ കാട്ടാക്കട പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. നേരത്തെ കീഴടങ്ങാനുള്ള സംഘടനാ നിർദ്ദേശം അവഗണിച്ച പ്രതികൾ ഇനിയെന്തെന്ന് തീരുമാനിക്കാൻ നേതൃത്വത്തിന്‍റെ സഹായം തേടിയതായാണ് സൂചന. 

അതേസമയം മര്‍ദ്ദനത്തിനിരയായ പ്രേമനന്‍റെ മകൾ രേഷ്മയ്ക്ക് കൺസെഷൻ പാസ് കെ എസ് ആർ ടി സി നൽകി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കെ എസ് ആര്‍ ടി സി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തി പാസ് കൈമാറിയത്. ഈ മാസം 20 ന് കൺസെഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെ എസ് ആര്‍ ടി സി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദ്ദിച്ചത്. അന്ന് പാസ് പുതുക്കാനുള്ള  പണം അടച്ച് അപേക്ഷ നൽകിയിരുന്നു. ജീവനക്കാരുടെ അതിക്രമം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെ എസ് ആര്‍ ടി സിയുടെ തെറ്റുതിരുത്തൽ.
 

 

click me!