ട്രഷറി തട്ടിപ്പ്; ബിജുലാലിന് ജാമ്യമില്ല, പണം തട്ടിയത് 16 ഇടപാടുകള്‍ വഴിയെന്ന് പ്രോസിക്യൂഷന്‍

By Web TeamFirst Published Aug 19, 2020, 1:46 PM IST
Highlights

 കസ്റ്റഡിയില്‍ എടുത്ത തെളിവെടുപ്പിലാണ് തട്ടിപ്പിന്‍റെ വ്യാപ്തി തെളിഞ്ഞതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. 

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിന്‍റെ ജാമ്യാപേക്ഷ തള്ളി. പതിനാറ് ഇടപാടുകളിലായി അഞ്ച് കോടി രൂപ ബിജുലാല്‍ തട്ടിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത തെളിവെടുപ്പിലാണ് തട്ടിപ്പിന്‍റെ വ്യാപ്തി തെളിഞ്ഞതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. 

വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി 73 ലക്ഷം രൂപ ബിജുലാൽ തട്ടിയെടുത്തുവെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയായ ബിജുലാലിൻറെ ഭാര്യയ്ക്ക് തട്ടിപ്പിലുള്ള പങ്ക് സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തും. മുൻ ട്രഷറി ഓഫീസറുടെ പാസ്വേർഡ് ചോർത്തിയാണ് ബിജുലാല്‍ പണം തട്ടിയത്. ഒരു ദിവസം നേരത്തെ വീട്ടിലേക്ക് പോയപ്പോള്‍ പാസ്വേർഡ് ബിജുലാലിന് നൽകിയിരുന്നുവെന്ന് മുൻ ട്രഷറി ഓഫീസർ ഭാസ്ക്കരനും മൊഴി നൽകിയിരുന്നു.

അതേസമയം ബിജുലാൽ കൂടുതൽ പണം തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായി കണ്ടെത്തി. തട്ടിപ്പ് നടത്തിയെടുത്ത പണം ആദ്യം ട്രഷറി അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. അതിന് ശേഷമാണ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ആദ്യം ട്രഷറി അക്കൗണ്ടിലേക്ക് പണം മാറ്റിയതിനാല്‍ അന്ന് തട്ടിപ്പ് കണ്ടെത്തിയില്ല. 

click me!