നിരോധിക്കപ്പെട്ട പിഎഫ്ഐ സംഘടനകളിൽ എസ്‍ഡിപിഐ ഇല്ല; രൂപം മാറി പ്രവര്‍ത്തനം തുടര്‍ന്നേക്കും

Published : Sep 28, 2022, 12:51 PM ISTUpdated : Sep 28, 2022, 12:54 PM IST
നിരോധിക്കപ്പെട്ട പിഎഫ്ഐ സംഘടനകളിൽ എസ്‍ഡിപിഐ ഇല്ല; രൂപം മാറി പ്രവര്‍ത്തനം തുടര്‍ന്നേക്കും

Synopsis

പോപ്പുലർ ഫ്രണ്ടിൻ്റെ ആശയം രാഷ്ട്രീയമായി നിലനിർത്താൻ എസ്.ഡി.പി.ഐയ്ക്കു പറ്റും എന്ന് മാത്രമല്ല ആർ‍എസ്എസ് അടക്കമുള്ള എതിരാളികളുമായുള്ള  സംഘ‍ർഷവും അവർ തുടർന്നേക്കും.

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടുവെങ്കിലും അതിൻ്റെ രാഷ്ട്രീയ സംഘടനയായ എസ്‍ഡിപിഐയ്ക്ക് പ്രവർത്തനം തുടരാം. പോപ്പുലർ ഫ്രണ്ടിൻ്റെ ഭാരവാഹികളായിരുന്നവ‍ർ തന്നെയാണ് എസ്‍ഡിപിഐയുടെയും മിക്ക ഭാരവാഹികളും എന്നതിനാൽ ആശയം ഉയർത്തിപ്പിടിക്കാൻ അവർ ശ്രമിക്കും.

രാഷ്ട്രീയ പാർട്ടികളെ നിരോധിക്കുന്നതിലുള്ള നിയമപരമായ നൂലാമാലകളാണ് എസ്‍‍ഡിപിഐയ്ക്ക് തുണയായത് എന്നാണ് വിവരം. ഇപ്പോൾ അറസ്റ്റിലായ ദേശീയ ജനറല്‍ സെക്രട്ടറി നാസറുദ്ദീൻ എളമരം അടക്കമുള്ള നേതാക്കളൊക്കെ മുൻപ് എസ്‍ഡിപിഐയുടെയും ഭാരവാഹികളായിരുന്നു. ഏറെക്കുറെ പോപ്പുലർ ഫ്രണ്ട് തന്നെയാണ് എസ്‍ഡിപിഐ എന്നു പറയാം. പോപ്പുലർ ഫ്രണ്ടിൻ്റെ ആശയം രാഷ്ട്രീയമായി നിലനിർത്താൻ എസ്‍ഡിപിഐയ്ക്ക് പറ്റും എന്ന് മാത്രമല്ല ആർ‍എസ്എസ് അടക്കമുള്ള എതിരാളികളുമായുള്ള  സംഘ‍ർഷവും അവർ തുടർന്നേക്കും.

മുസ്ലിം പിന്നോക്ക ഐക്യമെന്ന മുഖം മൂടിയാണ് എസ്‍ഡിപിഐ സ്വീകാര്യത നൽകിയത്. അതു തുടർന്നു കൊണ്ട് തങ്ങൾക്ക്  വർഗ്ഗീയ നിലപാടില്ലെന്ന് ബോധ്യപ്പെടുത്താനാകും ഇനി അവരുടെ ശ്രമം. മുൻപ് പല കേസുകളിലും പ്രതി സ്ഥാനത്ത് വന്നപ്പോൾ മെച്ചപ്പെട്ട അഭിഭാഷകരെ അണി നിരത്തി കേസുകളിൽ നിന് രക്ഷപ്പെടാൻ പോപ്പുല‍ർ ഫ്രണ്ടിന് കഴിഞ്ഞിട്ടുണ്ട്. ഈ നിരോധനത്തിനെതിരെയും നിയമപരമായ നടപടികൾ ശക്തമാക്കാൻ തന്നെയാണ് നീക്കം.

പല കേസുകളിലും മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ നിയമയുദ്ധം നടത്താനുള്ള ആൾബലവും  സാമ്പത്തിക ശക്തിയും  നിരോധിക്കപ്പെട്ട പിഎഫ്ഐക്കുണ്ടായിരുന്നു. ട്രൈബ്യൂണൽ മുമ്പാകെ നിരോധനക്കേസ് പരിഗണനയ്ക്ക് വരുമ്പോൾ മികച്ച അഭിഭാഷകരെ തന്നെ ഹാജരാക്കാനാണ് നീക്കം. കേരളത്തിൽ  രണ്ട് ലക്ഷത്തോളം പേ‍ർ പിഎഫ്ഐയിലും അതിൻ്റെ പോഷകസംഘടനകളിലും അംഗങ്ങളാണ്. ഇവർക്കായി മറ്റൊരു പൊതുവേദി ഉണ്ടാക്കാനും പേരു മാറ്റി പുതിയ സംഘടനയുണ്ടാക്കാനും ശ്രമം നടന്നേക്കും.  

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചതിന് പിന്നാലെ ഓഫീസുകൾ സീൽ ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് സംസ്ഥാനവും നീങ്ങുകയാണ്. പിഎഫ്ഐ പ്രവര്‍ത്തകരേയും നേതാക്കളേയും കരുതൽ തടങ്കലിൽ തുടരും. നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷയും ജാഗ്രതയും കർശനമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥിതിഗതികളെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

 നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിൽ എടുത്തത്.  
 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി