പിഎസ്‍സി ക്രമക്കേട്: പ്രതികളെ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് തടസമില്ല; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത്

By Web TeamFirst Published Nov 7, 2019, 8:10 AM IST
Highlights

പി എസ് സി പരീക്ഷ ക്രമക്കേടില്‍ പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ ക്രമക്കേടില്‍ പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇക്കാര്യം  വ്യക്തമാക്കി പിഎസ്‍സി സെക്രട്ടറിക്ക് എഡിജിപി ടോമിൻ തച്ചങ്കരി കത്ത് നൽകി. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ ഒഴിവാക്കി മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

മൂന്ന് പേരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ലെന്നും അതിനാല്‍ ലിസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പരീക്ഷാ ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ ഈ ലിസ്റ്റ് റദ്ദാക്കുമോയെന്ന ആശങ്കയുയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയെയും പിഎസ്‍സി ചെയര്‍മാനെയും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ കണ്ടിരുന്നു. ചിലര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെയും സമീപിച്ചു. 

കോപ്പിയടിലൂടെ ശിവരഞ്ജിത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിൽ ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു. ചോദ്യപേപ്പറുമായിട്ടായിരുന്നു ജയലിൽ വച്ച് ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാൻ കഴിയാഞ്ഞതോടെ പ്രതികള്‍ കോപ്പിയടി സമ്മതിക്കുകയായിരുന്നു. 

സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത്. 78.33 മാർക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്പോര്‍ട്‍സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് കിട്ടി. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനായിരുന്നു. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. 

click me!