വെന്‍റിലേറ്ററില്‍ ആറാം ദിവസം: ഏഴ് വയസുകാരന്‍റെ ആരോഗ്യനിലയില്‍ മാറ്റമില്ല

By Web TeamFirst Published Apr 2, 2019, 12:55 PM IST
Highlights

അമ്മയുടെ സുഹൃത്തിന്‍റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. ഇനി അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍. 

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥ തുടരുന്നതിനാൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തുടർച്ചയായ ആറാം ദിവസമാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്

ക്രൂര മർദ്ദനമേറ്റ കുരുന്നിന്റെ ജീവന് വേണ്ടിയുള്ള പോരാട്ടം തുടരുമ്പോഴും ആരോഗ്യ  സ്ഥിതി ദിവസം തോറും വഷളാകുന്നുവെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. സ്വന്തമായി ശ്വാസം എടുക്കാനും ആകാത്ത സ്ഥിതി. സർക്കാർ നിയോഗിച്ച  മെഡിക്കൽ സംഘം ഇന്നും ആശുപത്രിയില്‍ എത്തി കുട്ടിയെ പരിശോധിച്ചു. 

വെന്റിലേറ്റർ  നീക്കിയുള്ള പരിശോധനയിൽ കുട്ടിക്ക് സ്വയം ശ്വാസം എടുക്കാൻ ആകില്ലെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിൽ തുടർന്നും വെന്റിലേറ്ററിന്റെ സഹായം തുടരാൻ ആണ് മെഡിക്കൽ ബോർഡിൻറെ നിർദേശം. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുന്നതിന്റെ തോത് ഉയർത്താൻ ശ്രമവും തുടരും.  മെഡിക്കൽ ബോർഡിന്റെ ശുപാർശ പ്രകാരമാണ് നിലവിൽ  ചികിത്സ തുടരുന്നത്. എത്ര ദിവസം വെന്റിലേറ്ററില്‍ തുടരേണ്ടിവരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇവരുടേതാകും.

click me!