സ്പെഷ്യൽ ക്ലാസുകളും മതപഠന ക്ലാസുകളും അടക്കം പാടില്ല; പത്തനംതിട്ടയടക്കം എട്ട് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍

Prabeesh PP   | ANI
Published : Aug 02, 2026, 12:54 AM IST
Kerala Rains

Synopsis

അതിശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ സ്പെഷ്യൽ ക്ലാസുകൾക്കും മതബോധന ക്ലാസുകൾക്കും ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, മലപ്പുറം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ഉത്തരവിൽ പറയുന്നു.

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സ്പെഷ്യല്‍ ക്ലാസുകള്‍ക്കും മതബോധന ക്ലാസുകള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് (ഞായറാഴ്ച) അവധി നല്‍കി ജില്ലാ കളക്ടര്‍മാര്‍. വയനാട്, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, മലപ്പുറം എന്നീ ജില്ലകളില്‍ മദ്രസ്സകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

പത്തനംതിട്ട

അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാലും പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെൻററുകൾ, മറ്റു പരിശീലന കേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ഓഗസ്റ്റ് 2 ജില്ലാ കലക്ടർ എ നിസാമുദ്ദീൻ അവധി പ്രഖ്യാപിച്ചു.

എറണാകുളം

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 2, ഞായർ) അവധി നൽകേണ്ടതാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക നിർദ്ദേശിച്ചു. ​റെസിഡൻഷ്യൽ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതാണ്.

മലപ്പുറം

മലപ്പുറം ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ മദ്രസ്സകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് രണ്ട്) ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കോട്ടയം:

മലയോര മേഖകളില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 1) റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ഓഗസ്റ്റ് 2) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കോച്ചിംഗ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് ആവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നല്‍കാവുന്നതാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 2 ഞായര്‍) എല്ലാ മദ്രസകളും സണ്‍ഡേ സ്‌കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്കായി നടത്തുന്ന ഓഫ്ലൈന്‍ പഠന-പരിശീലന ക്ലാസുകളൊന്നും അനുവദിക്കില്ല. എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.

ജില്ലയില്‍ നിലവിലുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിനും വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രവേശനത്തിനും വിലക്കുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് തുടര്‍ച്ചയായി നാല് ഗ്രീന്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരും. നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയോ മറ്റു ലംഘനങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005ലെ വകുപ്പുകള്‍ പ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വയനാട്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( ഓഗസ്റ്റ് 2) ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റെസിഡൻഷ്യൽ സ്ക്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതും സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതുമാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരും.

തൃശ്ശൂര്‍

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( ഓഗസ്റ്റ് 2) ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30, 34 പ്രകാരമാണ് കളക്ടർ ഉത്തരവിറക്കിയത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. റെസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതാണെന്നും, ആവശ്യമാണെങ്കിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി സാഹചര്യം അനുസരിച്ച് അവധി നൽകാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരം കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കണ്ണൂർ

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02/08/26), ഞായറാഴ്ച അവധി (സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ). കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (02/08/26, ഞായറാഴ്ച) അവധി പ്രഖ്യാപിക്കുന്നു (സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ). ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നേക്കും; തീരപ്രദേശങ്ങളിലുള്ളവരെ അടിയന്തരമായി ഒഴിപ്പിക്കാൻ തൃശൂർ ജില്ലാ കളക്ടറുടെ ഉത്തരവ്
മഴക്കെടുതി: ‘മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും’, പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി