ഒരേ ദിവസം ഒരേ സാമ്പിളുകളിൽ രണ്ട് പരിശോധനാ ഫലം ; സ്വാഭാവികം മാത്രം, ആശയക്കുഴപ്പം ഇല്ലെന്നും മന്ത്രി

By Web TeamFirst Published May 1, 2020, 9:36 AM IST
Highlights

രണ്ട് പേരുടെയും രോഗ ഉറവിടം വ്യക്തമായിട്ടില്ല. 48 മണിക്കൂർ കൂടുമ്പോൾ സാമ്പിൾ പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കിൽ സാമ്പിൾ സ്ഥിരീകരണത്തിനായി ആലപ്പുഴയിലേക്ക് അയക്കും.


തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ ദിവസം ഒരേ സാമ്പിളുകളിൽ രണ്ട് പരിശോധനാ ഫലം ലഭിച്ച സംഭവത്തിൽ ആശയക്കുഴപ്പം ഇല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. പരിശോധനാഫലത്തിൽ പോസിറ്റീവ്, നെ​ഗറ്റീവ് വ്യത്യാസങ്ങൾ വരാറുണ്ട്. ഫലം തീർച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നു, ആദ്യ ഫലം അനുസരിച്ചുള്ള തുടർ നടപടികൾ ആണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

രണ്ട് പേരുടെയും രോഗ ഉറവിടം വ്യക്തമായിട്ടില്ല. 48 മണിക്കൂർ കൂടുമ്പോൾ സാമ്പിൾ പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കിൽ സാമ്പിൾ സ്ഥിരീകരണത്തിനായി ആലപ്പുഴയിലേക്ക് അയക്കും. നെയ്യാറ്റിൻകരയിലെ കൊവിഡ്  രോഗികളുടെ പ്രൈമറി കോണ്ടാക്ടുകൾ നിരീക്ഷണത്തിലാണ്. കൊവിഡ് രോ​ഗിയായ തമിഴ്നാട് സ്വദേശിയുടെ കുടുംബാംഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണ്. നെയ്യാറ്റിൻകര സ്വദേശിയുടെ കുടുംബാംഗങ്ങളുടെ ഫലം ഇന്ന് കിട്ടുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർക്കാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിശോധനയിൽ കൊവിഡ് ഇല്ലെന്ന് കണ്ടെത്തിയത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്ന രണ്ട് പേരുടെ ഫലത്തിലാണ് ഇങ്ങിനെ സംഭവിച്ചത്. ഇവരുടെ സാമ്പിളുകൾ ആദ്യം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ പരിശോധിച്ചു. പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് ഇവിടെ വച്ചാണ്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി. 

ഇതിന് മുൻപ് വർക്കല സ്വദേശിയുടെ കാര്യത്തിലും ഇങ്ങിനെ സംഭവിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചെന്ന് അറിഞ്ഞ ശേഷം കടുത്ത മനോവേദന അനുഭവിച്ചെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.  അതേസമയം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ ഫലം ആഴ്ചകൾ കഴിഞ്ഞിട്ടും പോസിറ്റീവ് എന്ന് കാണിക്കുന്നു. ഈ സാമ്പിളുകളും രാജീവ് ഗാന്ധിസെന്ററിലാണ് പരിശോധിക്കുന്നത്. 

ഒരാളുടെ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ അത് പോസിറ്റീവ് തന്നെയായിരിക്കും. എന്നാൽ നെഗറ്റീവ് എന്നാണ് ഫലം വന്നതെങ്കിൽ അത് നെഗറ്റീവോ പോസിറ്റീവോ ആകാൻ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. സംഭവത്തിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് രാജീവ് ഗാന്ധി സെന്റർ വ്യക്തമാക്കി. തങ്ങളുടേത് ജർമ്മൻ സാങ്കേതിക വിദ്യയാണെന്നും ഇവർ വിശദീകരിച്ചു.

Read Also: കൊവിഡ്: തിരുവനന്തപുരത്ത് രണ്ടിടത്ത് പരിശോധിച്ച സാമ്പിളുകളിൽ രോഗം ഉണ്ടെന്നും ഇല്ലെന്നും ഫലം...

 

click me!