
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പിജെ ജോസഫ് പക്ഷത്തിന്റെ അവകാശവാദം തള്ളി ജോസ് കെ മാണി. പ്രസിഡൻറ് സ്ഥാനം വിട്ട് നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനം വേണമെന്നത് പിജെ ജോസഫിന്റെ മാത്രം ആവശ്യമാണ്. ഇത് സംബന്ധിച്ച് ധാരണയൊന്നുമില്ല. എൽഡിഎഫിനെ പ്രകീർത്തിക്കുന്നത് ആരാണെന്ന് എല്ലാവർക്കുമറിയാമെന്നും ജോസ് കെ മാണി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലവില്‍ ജോസ് കെ മാണി പക്ഷത്തിന്‍റെ കൈയ്യിലാണ്. കരാര്‍ പ്രകാരം അത് തങ്ങള്‍ക്ക് ലഭിക്കേണ്ട സമയം കഴിഞ്ഞെന്ന് പി ജെ ജോസഫ് മെയ് 14 ന് ഉന്നയിച്ചിരുന്നു. സ്ഥാന കൈമാറ്റം കരാർ അനുസരിച്ച് നടപ്പാക്കണം. മുന്നണിയുടെ കാര്യക്ഷമതയില്ലായ്മയാണ് കാരാർ ലംഘനത്തിന് കാരണം. കോൺഗ്രസിന്റെയും മുന്നണിയുടെയും ഭാഗത്ത് നിന്ന് ഉചിതമായ തീരുമാനമുണ്ടാകണം. കരാർ ലംഘിച്ചാൽ മുന്നണി മുന്നണിയാകില്ലെന്നും പിജെ ജോസഫ് മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് യുഡിഎഫില്‍ നേരത്തെ ധാരണയുണ്ടെന്നും ഇതിന്‍റെ പേരില്‍ ജോസഫ് വിഭാഗം മുന്നണി വിടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ചെന്നിത്തലയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് പറഞ്ഞ പിജെ ജോസഫും മുന്നണി മാറ്റ സാധ്യത തള്ളി. പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ജോസഫ് ലേഖനമെഴുതിയത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ സംശയത്തോടെയാണ് കണ്ടത്. പ്രശ്നം പരിഹരിക്കുമെന്നും ജോസഫ് മുന്നണി വിടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam