തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നുണ്ടെങ്കിലും തത്കാലം വരാന്ത്യലോക്ക് ഡൗൺ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലസമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
അതേസമയം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ താമസിക്കുന്ന എല്ലാവരേയും കൊവിഡ് പരിശോധനകൾക്ക് വിധേയരാക്കും. ഇത്തരം പ്രദേശങ്ങളിലുള്ള വീടുകളിലെ എല്ലാവരേയും പരിശോധിക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.
ഇതോടൊപ്പം രണ്ടാം തരംഗത്തിൽ കേരളത്തിൽ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തും. വൈറസിൻ്റെ ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനാണ് യോഗത്തിലെ തീരുമാനം. കൊവിഡ് രോഗികളുടെ എണ്ണം ഈ ദിവസങ്ങളിൽ കുതിച്ചുയർന്നുവെങ്കിലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ അടിയന്തര സാഹചര്യം നേരിടാൻ തക്കവണ്ണം സജ്ജമാണെന്നാണ് ഇന്നത്തെ യോഗത്തിലുണ്ടായ വിലയിരുത്തൽ.
ഇന്ന് മുതൽ കർഫ്യു നിലവിൽ വരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കാൻ പൊലീസിനും യോഗം നിർദേശം നൽകിയിട്ടുണ്ട്. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ച് മണി വരെയാണ് കർഫ്യു ആളുകൾ അനാവശ്യമായി റോഡിൽ ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം. സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam