
തിരുവനന്തപുരം: സർക്കാരുമായുള്ള പോര് തുടരുന്നതിനിടെ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. രണ്ട് പിഎസ്‍സി അംഗങ്ങളുടെ നിയമനവും ഗവർണർ അംഗീകരിച്ചു. പക്ഷേ വിവാദ ബില്ലുകളിൽ ഗവർണർ ഇനിയും തീരുമാനം എടുത്തിട്ടില്ല. പ്രിൻസി കുര്യാക്കോസ്, ബാലഭാസ്‌ക്കർ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി നൽകിയത്. അതേസമയം, 2 അംഗങ്ങളുടെ നിയമന ശുപാർശ ഇപ്പോഴും ഗവർണർ അംഗീകരിച്ചില്ല.
താൻ റബ്ബർ സ്റ്റാമ്പല്ലെന്നായിരുന്നു ബില്ലുകളിൽ ഒപ്പിടാത്ത വിഷയത്തിൽ ഗവർണർ പ്രതികരിച്ചത്. താൻ ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും അദ്ദേഹം ആവർത്തിച്ചു. രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സർക്കാരാണ്. രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മർദ്ദ തന്ത്രമാണെന്നും അക്രമത്തിന്റെ ഭാഷയാണെന്നും ഗവർണർ വിമർശിച്ചു.
ഗവര്‍ണര്‍ സംസാരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റിനെ പോലെയെന്നായിരുന്നു ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമർശനം. കേരള സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെങ്കില്‍ സി എ ജി കണ്ടുപിടിക്കട്ടെയെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഗവർണർക്കെതിരെ മുഖ്യമന്ത്രി ഇന്നലെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. എല്ലാത്തിനും ഒരു അതിരുണ്ടെന്നും എന്നാൽ എല്ലാ അതിരുകളും ലംഘിക്കുന്ന നിലയിലാണ് ഗവർണർ പെരുമാറുന്നതെന്നും വിമർശിച്ച മുഖ്യമന്ത്രി, ഇടുക്കിയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ബില്ലിൽ പോലും ഒപ്പിടാത്ത ഗവർണർക്കെതിരെ കർഷകരെ കൂട്ടി രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്നും പറഞ്ഞിരുന്നു. കൂട്ടിക്കൽ പ്രളയബാധിതർക്കായി സി പി എം നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
രാജ്ഭവൻ അറ്റകുറ്റപ്പണി ചെയ്യേണ്ടത് സർക്കാർ, ബില്ലുകളിൽ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകണം: ഗവർണർ
സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന്റെ പണം ധൂർത്തഴിക്കുന്നുവെന്ന് വിമർശിച്ച ഗവർണർ, അതിഥി സൽക്കാര ചെലവുകളിലടക്കം വൻതുക ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിഥികൾക്കായുള്ള ചെലവുകൾ 20 ഇരട്ടി കൂട്ടണമെന്നായിരുന്നു ആവശ്യം. വിനോദ ചെലവുകൾ 36 ഇരട്ടിയാക്കണം. ഓഫീസ് ചെലവുകൾ 6.25 ഇരട്ടി കൂട്ടണം. ഓഫീസ് ഫർണിച്ചറുകളുടെ നവീകരണ ചെലവിൽ രണ്ടര ഇരട്ടി വർധന വേണം. കോൺട്രാക്ട് അലവൻസ് ഏഴ് ഇരട്ടിയും ടൂര്‍ ചെവല് ആറര ഇരട്ടിയും കൂട്ടണമെന്നും രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam