രാജ്ഭവൻ അറ്റകുറ്റപ്പണി ചെയ്യേണ്ടത് സർക്കാർ, ബില്ലുകളിൽ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകണം: ഗവർണർ
ഇടുക്കിയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ബില്ലിൽ പോലും ഒപ്പിടാത്ത ഗവർണർക്കെതിരെ കർഷകരെ കൂട്ടി രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്തതിൽ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ റബ്ബർ സ്റ്റാമ്പല്ലെന്ന് പറഞ്ഞ അദ്ദേഹം താൻ ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ആവർത്തിച്ചു. രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സർക്കാരാണ്. രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മർദ്ദ തന്ത്രമാണെന്നും അക്രമത്തിന്റെ ഭാഷയാണെന്നും ഗവർണർ വിമർശിച്ചു.
ഗവര്‍ണര്‍ സംസാരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റിനെ പോലെയെന്നായിരുന്നു ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമർശനം. കേരള സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെങ്കില്‍ സി എ ജി കണ്ടുപിടിക്കട്ടെയെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഗവർണർക്കെതിരെ മുഖ്യമന്ത്രി ഇന്നലെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. എല്ലാത്തിനും ഒരു അതിരുണ്ടെന്നും എന്നാൽ എല്ലാ അതിരുകളും ലംഘിക്കുന്ന നിലയിലാണ് ഗവർണർ പെരുമാറുന്നതെന്നും വിമർശിച്ച മുഖ്യമന്ത്രി, ഇടുക്കിയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ബില്ലിൽ പോലും ഒപ്പിടാത്ത ഗവർണർക്കെതിരെ കർഷകരെ കൂട്ടി രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്നും പറഞ്ഞിരുന്നു. കൂട്ടിക്കൽ പ്രളയബാധിതർക്കായി സി പി എം നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന്റെ പണം ധൂർത്തഴിക്കുന്നുവെന്ന് വിമർശിച്ച ഗവർണർ, അതിഥി സൽക്കാര ചെലവുകളിലടക്കം വൻതുക ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിഥികൾക്കായുള്ള ചെലവുകൾ 20 ഇരട്ടി കൂട്ടണമെന്നായിരുന്നു ആവശ്യം. വിനോദ ചെലവുകൾ 36 ഇരട്ടിയാക്കണം. ഓഫീസ് ചെലവുകൾ 6.25 ഇരട്ടി കൂട്ടണം. ഓഫീസ് ഫർണിച്ചറുകളുടെ നവീകരണ ചെലവിൽ രണ്ടര ഇരട്ടി വർധന വേണം. കോൺട്രാക്ട് അലവൻസ് ഏഴ് ഇരട്ടിയും ടൂര്‍ ചെവല് ആറര ഇരട്ടിയും കൂട്ടണമെന്നും രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള മാനദണ്ഡപ്രകാരമാണ് ഗവർണറുടെ ഈ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാനദണ്ഡം അനുസരിച്ച് ഈ ആറിനങ്ങൾക്ക് സര്‍ക്കാർ ഗവര്‍ണര്‍ക്ക് നൽകേണ്ട തുക പരവാവധി 32 ലക്ഷം രൂപയാണ്. കഴിഞ്ഞ 10 വർഷമായി രാജ്ഭവൻ ആകെ ചെലവാക്കിയത് 03 കോടി രൂപയായിരുന്നു. ഇതിന്റെ ശരാശരി കണക്കാക്കിയാണ് ബജറ്റിൽ വാർഷിക ചെലവായി 30 ലക്ഷം രൂപ വകയിരുത്തുന്നത്. ഇതിൽ കുടുതൽ വരുന്ന തുക അധിക വകയിരുത്തലായോ, പുനഃക്രമീകരണം വഴിയോ ലഭ്യമാക്കുകയാണ് പതിവ്. രാജ്ഭവൻ അധികമായി ആവശ്യപ്പെട്ട 59 ലക്ഷം സർക്കാർ കഴിഞ്ഞയാഴ്ച നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി രാജ്ഭവൻ രംഗത്ത് വന്നത്. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴെല്ലാം സർക്കാർ ചെലവ് നിയന്ത്രിക്കാതെ പണം ധൂർത്തഴിക്കുന്നുവെന്നായിരുന്നു ഗവർണറുടെ വിമർശനം.