കപ്പൽ അപകടത്തിൽ കേസെടുക്കാൻ കാലതാമസമുണ്ടായിട്ടില്ല, സംഭവത്തെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കാൻ ശ്രമം നടന്നു: മന്ത്രി വാസവൻ

Published : Jun 11, 2025, 04:12 PM ISTUpdated : Jun 11, 2025, 04:19 PM IST
V N Vasavan

Synopsis

കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുക്കാൻ കാലതാമസമുണ്ടായിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുക്കാൻ കാലതാമസമുണ്ടായിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. തുറമുഖ വകുപ്പല്ല സാധാരണ ഗതിയിൽ നടപടിയെടുക്കേണ്ടത്. അന്താരാഷ്ട്ര കപ്പൽ ചാലിലാണ് അപകടം ഉണ്ടായത്. മൽസ്യത്തൊഴിലാളിയുടെ പരാതിയിലാണ് കേസ്. കേസെടുത്തത് വിഴിഞ്ഞം തുറമുഖത്തെ ബാധിക്കില്ല. സംഭവത്തെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കാൻ ശ്രമം നടന്നു. കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. കണ്ടെയ്‌നർ കപ്പൽ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യ ജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്നാണ് കേസ്.

അതേസമയം കേസെടുക്കാൻ കാലതാമസം വരുത്തിയതിന് സർക്കാർ ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. അദാനിക്കു വേണ്ടി കേന്ദ്രവും കേരളവും ഒത്തുകളിച്ചു. അപകടം നടന്ന് 17 ദിവസം കാത്തിരുന്നത് എന്തിനെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

നേരത്തെ കൊച്ചി പുറംകടലിലെ കപ്പൽ അപകടത്തിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. കപ്പൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമായിരുന്നു ആദ്യ തീരുമാനം. എംഎസ്‍സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല അടുപ്പമുണ്ടെന്നും കേരളത്തിലെ അവരുടെ പ്രവര്‍ത്തനത്തിന് എംഎസ്‍സിക്ക് സൽപ്പേര് ആവശ്യമാണെന്നുമാണ് ഇതു സംബന്ധിച്ചുള്ള തീരുമാനമെടുത്തുള്ള ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.

സംഭവത്തിൽ കേസെടുക്കേണ്ടെന്ന കേരളത്തിന്‍റെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പായിരുന്നു. നഷ്ടപരിഹാരം കിട്ടാനുള്ള നടപടികൾക്കാണ് ആദ്യ മുൻഗണനയെന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെയും നിലപാട്. മത്സ്യതൊഴിലാളികൾക്കുള്ള നഷ്ടപരിഹാരവും മലിനീകരണം തടയാനുള്ള ചെലവും ആദ്യം കമ്പനിയിൽ നിന്ന് വാങ്ങിയെടുക്കാനാണ് നീക്കം തുടങ്ങിയിരുന്നത്.

കടലിൽ ഒഴുകിയ 61 കണ്ടെയ്നറുകളിൽ 51 എണ്ണം ഇതിനോടകം തീരത്ത് എത്തിച്ചിട്ടുണ്ട്. തീരത്ത് എണ്ണ മലിനീകരണമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് വ്യക്തമാക്കിയിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും