'നിലപാടില്‍ മാറ്റമില്ല'; സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കില്ലെന്ന് മുഖ്യമന്ത്രി

Published : Feb 11, 2020, 04:37 PM IST
'നിലപാടില്‍ മാറ്റമില്ല'; സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കില്ലെന്ന് മുഖ്യമന്ത്രി

Synopsis

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് തടങ്കല്‍ പാളയം നിര്‍മിക്കുന്നതിന്‍റെ ഭായമായുള്ള ചില നടപടിക്രമങ്ങളുടെ ഫയലകള്‍ മുന്‍നിര്‍ത്തിയാണ് പിണറായി വിജയന്‍ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കില്ലെന്നുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് സര്‍ക്കാരിന്‍റെ നിലപാട് പിണറായി വിജയന്‍ ആവര്‍ത്തിച്ചത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് തടങ്കല്‍ പാളയം നിര്‍മിക്കുന്നതിന്‍റെ ഭായമായുള്ള ചില നടപടിക്രമങ്ങളുടെ ഫയലകള്‍ മുന്‍നിര്‍ത്തിയാണ് പിണറായി വിജയന്‍ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചത്.

നേരത്തെ,  പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം ആളിപ്പടരുമ്പോള്‍ സംസ്ഥാനത്ത് തടങ്കല്‍ പാളയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ദേശീയ മാധ്യമമായ ഹിന്ദുവാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, ഈ റിപ്പോര്‍ട്ട് വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിശദീകരണം നല്‍കിയിരുന്നു. സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് അന്ന് തന്നെ അദ്ദേഹം വ്യക്തമാക്കി. ഏഴുവര്‍ഷം മുമ്പ് 2012 ഓഗസ്റ്റില്‍ തടങ്കല്‍പാളയം(ഡിറ്റന്‍ഷന്‍ സെന്‍റര്‍) സ്ഥാപിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ ഒരു കത്ത് മുഖേന അറിയിച്ചു.

അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുകയോ ചെയ്യുന്ന വിദേശികളെയും, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി അവരുടെ രാജ്യത്ത് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികള്‍ക്കായി കാത്തിരിക്കുന്ന വിദേശികളെയും രാജ്യം വിടുന്നതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍  ഇത്തരം സെന്‍റര്‍ സ്ഥാപിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. 

കത്തിന്‍റെ അടിസ്ഥാനത്തില്‍ 2015 നവംബര്‍ നാലിന് ആഭ്യന്തര വകുപ്പ് യോഗം വിളിച്ചുചേര്‍ത്തു.  അന്നത്തെ ഡിജിപിയും എഡിജി.പി ഇന്‍റലിജന്‍സും ജയില്‍ വകുപ്പ് ഐ.ജി.യും  ഉള്‍പ്പെടെ ആ യോഗത്തില്‍ പങ്കെടുത്തു.  യോഗത്തിന്‍റെ തീരുമാനപ്രകാരം സംസ്ഥാനത്ത് അടിയന്തിരമായി അത്തരം സെന്‍ററുകള്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ചു. അവ സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിലാവണമെന്നും ആവശ്യമായ കെട്ടിടം വകുപ്പ് കണ്ടെത്തണമെന്നും തീരുമാനിച്ചു.  

പ്രവര്‍ത്തനത്തിനാവശ്യമായ സ്റ്റാഫിനെ പൊലീസ് വകുപ്പ് നിശ്ചയിക്കണമെന്നും തീരുമാനിച്ചു. പൊലീസ്-ജയില്‍ വകുപ്പുകള്‍ക്ക് പുറത്താവണം അത്തരം സെന്‍ററുകള്‍ സ്ഥാപിക്കേണ്ടത് എന്നും യോഗം തീരുമാനിച്ചു. ഡിറ്റന്‍ഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ 2016 ഫെബ്രുവരി 29ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

തുടര്‍ന്ന് പ്രസ്തുത ആവശ്യത്തിനായി സാമൂഹ്യനീതി ജില്ലാ ഓഫീസറും ജില്ലാ പോലീസ് സൂപ്രണ്ടും ചേര്‍ന്ന മാനേജിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും നിശ്ചയിച്ചു. ഇത് സംബന്ധിച്ച് എത്രപേരെ പാര്‍പ്പിക്കേണ്ടിവരും എന്നതുള്‍പ്പെടെയുടെ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പ് ആവശ്യപ്പെട്ടു.  തുടര്‍ന്ന് ഈ വിശദാംശങ്ങള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയോടും ചോദിച്ചു.

ഇതു സംബന്ധിച്ച ഒരു വിവരവും റെക്കോര്‍ഡ്സ് ബ്യൂറോ ഇതുവരെ നല്‍കിയിട്ടില്ല. നേരത്തെ അയച്ച കത്തുമായി ബന്ധപ്പെട്ട റിമൈന്‍ഡറുകള്‍ തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് വകുപ്പുകള്‍ക്ക് വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച യാതൊരു ഫയലും ഈ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ല.

2012 മുതല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തിവയ്ക്കുന്നതിനും അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.  ഇപ്പോള്‍ സംസ്ഥാനത്ത് തടങ്കല്‍ പാളയം നിര്‍മിക്കില്ലെന്നുള്ള നിലപാടില്‍ മാറ്റമില്ലെന്നാണ് പിണറായി വിജയന്‍ ആവര്‍ത്തിച്ചിരിക്കുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'