
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കേടായ ലിഫ്റ്റിനുള്ളിൽ രോഗി ഒന്നര ദിവസം കുടുങ്ങിക്കിടന്ന സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അനാസ്ഥ. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഒപി ടിക്കറ്റ് എടുക്കുന്നതിന് മെഡിക്കൽ കോളേജിലെത്തിയ നിയമസഭയിലെ താൽക്കാലിക ജീവനക്കാരനായ രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുരുങ്ങിയത്. ഒന്നരദിവസത്തോളം രവീന്ദ്രൻ നായർക്ക് മലമൂത്രവിസർജനത്തിൽ കിടക്കേണ്ടി വന്നു. ഓർത്തോ ഓപിയിലെ 11 ആം നമ്പർ ലിഫ്റ്റിലായിരുന്നു രവീന്ദ്രൻ നായർ കയറിയത്.
ലിഫ്റ്റ് പകുതിയിൽ വെച്ച് നിന്ന് പോയിട്ടും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും അധികൃതർ ശ്രമിച്ചില്ലെന്നും ഗുരുതര അനാസ്ഥയുണ്ടായെന്നും മകൻ ഹരിശങ്കർ പറഞ്ഞു. ആരെങ്കിലും കുടുങ്ങിയാൽ പുറത്തേക്ക് അറിയിക്കാനുളള അടക്കം സജീകരണങ്ങളൊന്നും ലിഫ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് ഹരിശങ്കർ പറയുന്നു. 'ശനിയാഴ്ച രാവിലെയാണ് അച്ഛൻ മെഡിക്കൽ കോളേജിൽ പോയത്. 12 മണിയോടെ അച്ഛൻ ലിഫ്റ്റിൽ കയറി. അൽപ്പം മുകളിലേക്ക് പൊങ്ങിയ ശേഷം ലിഫ്റ്റ് നിന്നുപോയി. അച്ഛൻ ലിഫ്റ്റിനുളളിലെ എമർജൻസി ബട്ടനുകൾ അടിച്ചു നോക്കി. ലിഫ്റ്റ് കുലുങ്ങിയ സമയത്ത് വീണ് ഫോൺ പൊട്ടിയിരുന്നു. അവിടെയുളള ഫോൺ ഉപയോഗിച്ച് അവിടെ എഴുതിവെച്ച ഫോൺ നമ്പറുകളിൽ വിളിച്ചു. എന്നാൽ ആരും എടുത്തില്ല.
സിസിടിവി ക്യാമറ പോലും ലിഫ്റ്റിലുണ്ടായിരുന്നില്ല. ഇന്ന് രാവിലെ 6 മണിയ്ക്ക് ആ വഴിക്ക് പോയ ഒരാളാണ് ലിഫ്റ്റ് പകുതിയിൽ നിൽക്കുന്നത് കണ്ടത്. ശ്രദ്ധയിൽപ്പെട്ട ഉടനെ ഇദ്ദേഹം ലിഫ്റ്റ് തുറക്കാൻ നോക്കി. പ്രശ്നം പരിഹരിച്ച് ലിഫ്റ്റ് തുറന്ന് അച്ഛനെ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തോളം ലിഫ്റ്റിൽ കിടന്ന അച്ഛന് മാനസികമായി പ്രയാസങ്ങളുണ്ട്. രണ്ട് ദിവസമായി വെളളവും ഭക്ഷണവുമില്ലാതെ കിടക്കുകയായിരുന്നു. നിലവിൽ കാഷ്വാലിറ്റിയിൽ ചികിത്സയിലാണ് .
നിയമസഭയിലാണ് അച്ഛൻ ജോലി ചെയ്യുന്നത്. ശനിയാഴ്ച അച്ഛനെ കാണാതായപ്പോൾ ജോലിക്ക് പോയതല്ലേ നൈറ്റ് ഡ്യൂട്ടിയുമുണ്ടാകുമെന്നാണ് കരുതിയത്. ഇന്നലെയും ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്.മെഡിക്കൽ കോ ളേജ് സൂപ്രണ്ട് അച്ഛനെ വന്ന് കണ്ടിരുന്നു. എന്താണ്ഉണ്ടായതെന്ന് പരിശോധിക്കാമെന്നാണ് പറഞ്ഞത്. ഇനി മറ്റൊരാൾക്ക് ഇത് വരരുത്. അച്ഛനായത് കൊണ്ട് അതിജീവിച്ചു. രോഗിയായ ഒരാൾ അകപ്പെട്ട് പോയാൽ എന്ത് ചെയ്യും. ലിഫ്റ്റിൽ ഫോൺ ഇല്ലായിരുന്നു. അച്ഛൻ കുറെ തട്ടിവിളിച്ച് നോക്കി. ലിഫ്റ്റ് പൊങ്ങി നിൽക്കുന്നത് കണ്ടാലെങ്കിലും ജീവനക്കാർ നോക്കണ്ടേ. ഇത് പോലും ഉണ്ടായില്ലെന്നും മകൻ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam