പിഎസ്‍സി കോഴ ആരോപണം: 'പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചവരെ പുറത്തുകൊണ്ടുവരും': പരാതി നൽകാൻ പ്രമോദ് കോട്ടൂളി

Published : Jul 15, 2024, 11:11 AM ISTUpdated : Jul 15, 2024, 01:51 PM IST
പിഎസ്‍സി കോഴ ആരോപണം: 'പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചവരെ പുറത്തുകൊണ്ടുവരും': പരാതി നൽകാൻ പ്രമോദ് കോട്ടൂളി

Synopsis

ശ്രീജിത്തിനെ വീട്ടിൽ പോയി കണ്ടിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ പ്രമോദ് തന്നെ കുടുക്കാൻ വലിയ ഗൂഢാലോചന നടന്നുവെന്നും ആരോപിച്ചു. 

കോഴിക്കോട്: പിഎസ് സി കോഴ പരാതിയില്‍ തുറന്നു പറച്ചിലുമായി സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി. പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഭാര്യയുടെ നിയമനവുമായി നിരന്തരം ബന്ധപ്പെട്ട ശ്രീജിത്തിനെ സമാധാനിപ്പിക്കാന്‍ വേണ്ടി ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്. ശ്രീജിത്തുമായി ഒരു സ്ഥലം ഇടപാടിനുള്ള നീക്കം നടത്തിയിരുന്നെന്ന് സമ്മതിച്ച പ്രമോദ് എന്നാല്‍ അത് ഒരു പാര്‍ട്ടി സഖാവിന്റെ മകന്റെ വിദ്യാഭ്യാസക്കാര്യത്തിനാണെന്നും പറഞ്ഞു. തന്നെ പുറത്താക്കാന്‍ സിപിഎമ്മിനുള്ളില്‍ പ്രവര്‍ത്തിച്ച ക്രിമിനല്‍ ബുദ്ധികളെ തുറന്നുകാട്ടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും പ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

പിഎസ് സി അംഗത്വത്തിനല്ല നിയമനത്തിന് വേണ്ടിയാണ് അടുത്ത സുഹൃത്തുക്കളിലൊരാളും സഹോദര ബന്ധവുമുള്ള ശ്രീജിത്ത് തന്നെ സമീപിച്ചതെന്നാണ് പ്രമോദ് കോട്ടൂളിയുടെ വാദം. റാങ്ക് ലിസ്റ്റിലുള്ള ഭാര്യക്ക് കോഴിക്കോട് നിയമനം ലഭിക്കണമെന്ന ആവശ്യവുമായി ശ്രീജിത്ത് നിരന്തരം വിളിച്ചപ്പോള്‍ സമാധാനിപ്പിക്കാനാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി അടുപ്പമുണെന്ന് സ്ഥാപിക്കുന്ന ഫോട്ടോകള്‍ അയച്ചു നല്‍കിയത്.

ഒരു പാര്‍ട്ടി സഖാവിന്റെ മകന്റെ വിദ്യാഭ്യാസ ആവശ്യം നിറവേറ്റാന്‍ ശ്രീജിത്തിനോട് ഒരു സ്ഥലം വാങ്ങി സഹായിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ചിലര്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. ജില്ലാകമ്മിറ്റി അംഗം ചതിക്കുമെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. മുന്‍കൂട്ടിയെടുത്ത തീരുമാനപ്രകാരമാണ് തന്നെ പുറത്താക്കിയത്. ജില്ലാകമ്മിറ്റി അംഗത്തിനും പരാതി നല്‍കിയ ലോക്കല്‍ കമ്മിറ്റി അംഗം റിജുലയ്ക്കുമപ്പുറം മറ്റാരെങ്കിലും ഉണ്ടെങ്കില്‍ പുറത്തുവരും. സത്യമല്ലാത്ത കാര്യങ്ങള്‍ കൃത്രിമമായി ചമച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ക്രിമനല്‍ ബുദ്ധികളെ പുറത്തുകൊണ്ടു വരുന്നതുവരെ പഴുതടച്ച നിയമപോരാട്ടങ്ങള്‍ നടത്തുമെന്നും പ്രമോദ് കോട്ടുളി പറഞ്ഞു.

അതേ സമയം പിഎസ് സി കോഴ ആരോപണത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി വിചാരണ ചെയ്തു. ബിജെപി കലക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഇന്ന് പ്രമോദ് പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. 


 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം