വയനാട് തുരങ്ക പാതയ്ക്ക് പരിസ്ഥിതി അനുമതി തേടിയിട്ടില്ല; വിവരാവകാശ രേഖകൾ പുറത്ത്

By Web TeamFirst Published Nov 12, 2020, 10:48 AM IST
Highlights

വയനാട് തുരങ്ക പാത പദ്ധതിയുടെ ലോഞ്ച് നിർവ്വഹിച്ചത് അപേക്ഷ പോലും നൽകാതെ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കാതെ സംസ്ഥാന സർക്കാർ. സംസ്ഥാന വനം വകുപ്പ് മുഖേന അപേക്ഷ നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ.

വയനാട്: സ്വപ്ന പദ്ധതിയായി സർക്കാർ പ്രഖ്യാപിച്ച വയനാട് തുരങ്ക പാതയുടെ ലോഞ്ചിങ്ങ് നടത്തിയത് പരിസ്ഥിതി അനുമതിക്ക് അപേക്ഷ പോലും നൽകാതെ. തുരങ്ക പാത സംബന്ധിച്ച് പാരിസ്ഥിതിക അനുമതിക്ക് ഇതുവരെ അപേക്ഷ നൽകിയില്ലെന്ന വിവരാവകാശ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമായത്.

വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ സർക്കാർ കൊട്ടിഘോഷിച്ച സ്വപ്ന പദ്ധതി. ആനക്കാംപൊയിൽ-  കള്ളാടി തുരങ്ക പാത, 900 കോടി രൂപ കിഫ്ബിയിൽ നിന്ന് ചിലവഴിച്ച് മൂന്ന് മാസം കൊണ്ട് നിർമ്മാണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. വനത്തിലൂടെയാണ് 8 കിലോ മീറ്റർ തുരങ്കം. അതുകൊണ്ട് ആദ്യം ലഭിക്കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയാണ്. എന്നാൽ, പദ്ധതി ലോഞ്ചിംഗ് മുഖ്യമന്ത്രി  നിർവ്വഹിച്ച് ഒരു മാസം പിന്നിടുമ്പോഴും പരിസ്ഥിതി അനുമതിക്ക് അപേക്ഷ നൽകിയില്ലെന്നാണ് സംസ്ഥാന വനംവകുപ്പ് അറിയിക്കുന്നത്. 

പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിൽ നിന്ന് ഈ മാസം 2 ന് ലഭിച്ച വിവരാവകാശ  രേഖകളിലാണ് ഇതിനായി അപേക്ഷകളൊന്നും ലഭിച്ചില്ലെന്ന് വ്യക്തമായിരിക്കുന്നത്. കേന്ദ്ര വനം പരിസ്ഥതി മന്ത്രാലയവുമായി കത്തിടപാടുകൾ നടന്നിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. പദ്ധതി ഗിമ്മിക്ക് ആണെന്നത് ശരിവെക്കുന്നതാണ് മറുപടിയെന്ന് പരിസ്ഥിതി പ്രവർത്തകർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജനങ്ങളുടെ കണ്ണിൽപൊടിയിലാണ്  നടന്നതെന്ന് യുഡിഎഫ് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ തുരങ്ക പ്രധാന പ്രചാരണ വിഷയമായിരിക്കുമ്പോഴാണ് പരിസ്ഥിതി അനുമതി അപേക്ഷ സമർപ്പിച്ചില്ലെന്ന വിവരം പുറത്ത് വരുന്നത്.

click me!